ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പി.എയുടെ സഹായിയെന്ന്
text_fieldsതിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻമന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫിെൻറ വീട്ടിലെ സഹായിയെന്ന്. സ്വകാര്യ ചാനൽ നടത്തിയ ഒളി കാമറ അന്വേഷണത്തിലാണ് പി.എയുടെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയാണ് മഹാലക്ഷ്മിക്കെന്ന് കണ്ടെത്തിയത്. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തേ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതോടെ എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിന് തടയിടാൻ എൻ.സി.പിയിൽനിന്നുതന്നെ ശ്രമമുണ്ടായെന്നാണ് സൂചന.
മുൻമന്ത്രിയുടെ പി.എ സ്വന്തം നിലക്ക് ഇത്തരത്തിലൊരു കാര്യം ചെയ്യുമോയെന്ന സംശയവുമുണ്ട്. എന്നാൽ, മഹാലക്ഷ്മി സ്വന്തം നിലക്കാണ് ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചതെന്ന് അവരുടെ മകൾ ചാനലിനോട് പ്രതികരിച്ചു. ചാനൽ പ്രവർത്തകയുമായി ബന്ധപ്പെട്ട ഫോൺവിളി കേസിൽ വിധി പറയാനിരുന്ന ദിവസം രാവിലെയാണ് മഹാലക്ഷ്മി നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ചത്. എന്നാൽ, ഹരജി കോടതി തള്ളി. ശശീന്ദ്രൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിെൻറ തലേ ദിവസം ഹരജിയുമായി മഹാലക്ഷ്മി ഹൈകോടതിയെ സമീപിച്ചു. അതിനിടെ പരാതിക്കാരിയെക്കുറിച്ച് അന്വേഷിക്കണമെന്നുള്ള പരാതി ഡി.ജി.പിക്കും ലഭിച്ചു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽസവിലാസത്തിൽ അവർ ഇപ്പോൾ താമസിക്കുന്നില്ല. വിലാസം വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെക്കുറിച്ചുള്ള വിവരവും നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കാഞ്ഞിരംപാറയിലാണ് അവർ താമസം. ഇലിപ്പോെട്ട പി.എയുടെ വീട്ടിലാണ് മഹാലക്ഷ്മി സഹായിയായി എത്തുന്നത്. ചാനൽ ലേഖകൻ അവിടെ അവരോട് സംസാരിക്കുകയും കുട്ടികളെ നോക്കാനാണ് ഇവിടെ എത്തിയതെന്ന് അവർ പറയുന്നതിെൻറ ദൃശ്യങ്ങളും ചാനൽ സംപ്രേഷണം ചെയ്തു. മഹാലക്ഷ്മിയുടെ വീട്ടിലും ചാനൽ സംഘം എത്തി.
മുൻമന്ത്രിയുടെ പി.എയുടെ വീട്ടിലാണ് മഹാലക്ഷ്മിക്ക് ജോലിയെന്ന് ആദ്യം പറഞ്ഞ മകൾ പിന്നെ സംശയം തോന്നിയതോടെ തിരുത്തി. ശശീന്ദ്രനെതിരായ പരാതിക്കു പിന്നിൽ ആരും ഇല്ലെന്നും സ്വന്തം നിലക്കാണ് മാതാവ് പരാതി നൽകിയതെന്നും മകൾ വ്യക്തമാക്കി. ഇപ്പോൾ ചാണ്ടിയുടെ പി.എയായ വ്യക്തി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു. ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായി എത്തി. ഇൗ വാർത്തയുടെ പ്രതികരണം തേടി പി.എയെ വിളിച്ചപ്പോൾ എല്ലാ നമ്പറുകളും സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്തത്.
ഇൗ സംഭവത്തോടെ എൻ.സി.പിക്കുള്ളിലെ വിഷയങ്ങളും രൂക്ഷമാകുകയാണ്. തനിക്കെതിരെ അത്തരത്തിലൊരു നീക്കം പാർട്ടിയിൽനിന്നുണ്ടാകില്ലെന്ന് പ്രതികരിച്ച ശശീന്ദ്രൻ അത്തരത്തിലെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.