കെ. മെഹബൂബിന് അക്ഷരവീട് സമർപ്പണം നാളെ
text_fieldsഅരീക്കോട് (മലപ്പുറം): കാൽപന്തുകളിയുടെ മൈതാനങ്ങളിൽ പ്രതിഭാവിലാസത്തിലൂടെ കാണികളെ ആവേശത്തിലാറാടിച്ച കെ. മെഹബൂബിന് സമർപ്പിക്കുന്ന ‘അക്ഷരവീട്’ താക്കോൽദാന ചടങ്ങ് ശനിയാഴ്ച വൈകീട്ട് നാലിന് ഊർങ്ങാട്ടിരി തെരട്ടമ്മൽ പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും.
എം.ഐ. ഷാനവാസ് എം.പി, പി.വി. അൻവർ എം.എൽ.എ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജി. ശങ്കർ, സംവിധായകരായ സക്കരിയ, പ്രജേഷ് സെൻ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് മാനേജർ കെ.കെ. മൊയ്തീൻകോയ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി, ‘അമ്മ’യുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
മലയാള അക്ഷരമാല ക്രമത്തിൽ 51 വീടുകൾ ആദരസമ്മാനമായി സമർപ്പിക്കുന്ന പദ്ധതിയാണ് ‘അക്ഷരവീട്’. മാധ്യമം, യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്, അമ്മ, ഹാബിറ്റാറ്റ് ഗ്രൂപ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ ‘ഈ’ വീടാണ് മെഹബൂബിന് സമർപ്പിക്കുന്നത്. താക്കോൽദാന ചടങ്ങിനുശേഷം അനസ് എടത്തൊടിക ഇലവനും കെ. മെഹബൂബ് ഇലവനും തമ്മിൽ സൗഹൃദ ഫുട്ബാൾ മത്സരം നടക്കും.
മുൻ സന്തോഷ് ട്രോഫി ടീമംഗങ്ങളായ ഹബീബ് റഹ്മാൻ, എ. നാസർ, എ. സക്കീർ, കെ.ടി. നവാസ്, കെ. സലീൽ, മുൻ ഐ ലീഗ് താരം കെ. അസീം, മുൻ ജൂനിയർ ഇന്ത്യ ടീമംഗങ്ങളായ കെ. ഉബൈദ്, ഷഹബാസ് സലീൽ, ഇക്കൊല്ലത്തെ സന്തോഷ് ട്രോഫി ജേതാക്കളായ വി.കെ. അഫ്ദാൽ, വൈ.പി. മുഹമ്മദ് ഷരീഫ്, മുഹമ്മദ് പാറക്കോട്ടിൽ ഐ.എസ്.എൽ താരങ്ങളായ അനസ് എടത്തൊടിക, ആശിഖ് കുരുണിയൻ, എം.പി. സക്കീർ തുടങ്ങിയ നാൽപതോളം കളിക്കാർ ഇരുടീമിലുമായി അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.