ക്വാറൻറീൻ ലംഘിച്ച് മത്സ്യക്കച്ചവടത്തിന് ഇറങ്ങിയവർക്ക് രോഗം
text_fieldsകായംകുളം: സ്രവപരിശോധനഫലം വൈകിയതോടെ ക്വാറൻറീൻ ലംഘിച്ച് മത്സ്യക്കച്ചവടത്തിന് ഇറങ്ങിയവർക്ക് കോവിഡ് ബാധിച്ചതോടെ പരിഭ്രാന്തരായി ജനം. മത്സ്യവിപണന കേന്ദ്രവുമായി ബന്ധമുള്ള മൂന്നുപേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ നഗരവാസിയായ ഒരാളും താമരക്കുളം കണ്ണനാകുഴിയിലെ താമസക്കരനുമാണ് ശനിയാഴ്ചയും കച്ചവടത്തിന് ഇറങ്ങിയത്.
ഒരാൾ നഗരത്തിലും മറ്റേയാൾ ഒാച്ചിറ, കാപ്പിൽ, കട്ടച്ചിറ, ഇലിപ്പക്കുളം, നാമ്പുകുളങ്ങര, കണ്ണനാകുഴി എന്നിവിടങ്ങളിലുമായിരുന്നു കച്ചവടം. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താൻ നഗരത്തിലും ഒാച്ചിറ, കൃഷ്ണപുരം, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി.
സമൂഹവ്യാപന സാധ്യത ഉയർത്തുന്നതരത്തിലുള്ള ഇവരുടെ സമ്പർക്കം വ്യാപക ആശങ്കക്ക് കാരണമാവുകയാണ്. സ്രവപരിശോധന കഴിഞ്ഞിട്ടും ക്വാറൻറീൻ ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ് ആക്ഷേപം. അതേസമയം, പരിശോധനഫലം വൈകിയതാണ് ക്വാറൻറീൻ ലംഘനത്തിന് കാരണമായതെന്ന ചർച്ചയും സജീവമാണ്. ഫലം വൈകിയതോടെ നെഗറ്റിവാണെന്ന ധാരണയിലാണ് ഇവർ കച്ചവടത്തിനിറങ്ങിയത്.
കണ്ണനാകുഴിയിൽ താമസിക്കുന്ന ചേരാവള്ളി സ്വദേശിയുടെ സ്രവം കഴിഞ്ഞ ഒമ്പതിനും നഗരവാസിയുടേത് 10നുമാണ് ശേഖരിച്ചത്.
ഫലം വൈകുന്നതിലെ കാലതാമസം ബോധ്യപ്പെടുത്തി ക്വാറൻറീന് പ്രേരിപ്പിക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഇവർ പുറത്തിറങ്ങാൻ കാരണമായത്.
നഗരസഭയിലെ ആരോഗ്യവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ആളുടെ വീട്ടിൽനിന്നുതന്നെ ക്വാറൻറീൻ ലംഘനം ഉണ്ടായതും ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.