ഹയർസെക്കണ്ടറി വിദ്യാർഥികളും സ്കൂളിലേക്ക്; ഇന്ന് മുതൽ മുഴുവൻ ക്ലാസുകളിലും അധ്യയനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ മുഴുവൻ ക്ലാസുകൾക്കും അധ്യയനം തുടങ്ങും. ഇതുവരെ ക്ലാസുകൾ തുടങ്ങാതിരുന്ന ഒമ്പത്, ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ക്ലാസുകൾ കൂടി തിങ്കളാഴ്ച തുടങ്ങും.
ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്ലാസ് ഒഴിവാക്കാൻ പ്രിൻസിപ്പൽമാർക്ക് ഹയർ സെക്കൻഡറി അക്കാദമിക് ജോയൻറ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സ്കൂളുകൾ നേരത്തെയുള്ള നിർദേശ പ്രകാരം ഉച്ചവരെയായിരിക്കും പ്രവർത്തിക്കുകയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു. സ്കൂളുകൾ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പ്രവർത്തിക്കാൻ നിർദേശം നൽകിയെന്ന പ്രചാരണം ശരിയല്ലെന്നും ഡയറക്ടർ അറിയിച്ചു. ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളും ആദ്യദിനമായ തിങ്കളാഴ്ച സ്കൂളിലെത്തണം.
ആദ്യ ദിവസം തന്നെ പ്ലസ് വൺ വിദ്യാർഥികളെ സർക്കാർ പുറപ്പെടുവിച്ച മാർഗേരഖ പ്രകാരം ബാച്ചുകളാക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളുകളിൽ വരേണ്ട ദിവസങ്ങൾ ക്രമീകരിക്കുകയും ചെയ്യണം. രണ്ടാം വർഷക്കാരിൽനിന്ന് കൂടുതൽ ബാച്ചുകളെ വരാൻ അനുവദിച്ച ഇടങ്ങളിൽ ഒന്നാം വർഷക്കാർ വരുന്നതിനനുസരിച്ച് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് തുറക്കുന്നതോടെ നാലേകാൽ ലക്ഷത്തോളം കുട്ടികൾ കൂടി സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെത്തും. ഇതുവരെ 3,49,017 പേരാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം നേടിയത്. കാൽ ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഒന്നാം വർഷ വി.എച്ച്.എസ്.ഇ കോഴ്സിൽ പ്രവേശനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.