വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപവത്കരിക്കും
text_fieldsതിരുവനന്തപുരം: എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, പൂര്‍വവിദ്യാർഥികൾ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുൾക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപവത്കരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആര്.സി, വിമുക്തി ക്ലബുകള്‍ മുതലായ സംവിധാനങ്ങളെ കാമ്പയിനില്‍ പ്രയോജനപ്പെടുത്തും.
ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
കുടുംബശ്രീ യൂനിറ്റുകളില്‍ ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദേശങ്ങള്‍ നല്‍കണം.
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം. ലഹരി ഉപഭോഗവും ഈ വിപത്തിനെ തടയലും സംബന്ധിച്ച് ആരാധനാലയങ്ങളില്‍ പരാമര്‍ശിക്കുന്നതിന് അഭ്യർഥിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, സാമൂഹികാഘാതങ്ങള്‍ എന്നിവക്ക് ഊന്നല്‍ നല്കി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷന്, എസ്.സി.ഇ.ആര്.ടിയുമായി ചേര്‍ന്ന് തയാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കാവൂ. എല്ലാ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. പോസ്റ്ററില്‍ ലഹരി ഉപഭോഗം അറിയിക്കാന്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തും.
വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാർഥങ്ങള്‍ വില്പന നടത്തുന്നില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പൊലീസ്/ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം.
എല്ലാ എക്സൈസ് ഓഫിസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്ട്രോള് റൂം ആരംഭിക്കും.
വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. തദ്ദേശ സ്ഥാപനതല ജനജാഗ്രത സമിതികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതില്‍ എക്സൈസ്/പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.