Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളുടെ നാടകത്തിൽ...

കുട്ടികളുടെ നാടകത്തിൽ എത്ര കുട്ടികളുണ്ട്​...?

text_fields
bookmark_border
കുട്ടികളുടെ നാടകത്തിൽ എത്ര കുട്ടികളുണ്ട്​...?
cancel

കുട്ടികളുടെ നാടകവേദി കുട്ടികളുടേതു തന്നെയാകണം എന്നു തന്നെയാണ് ഈ കലോത്സവവും വളരെ ഗൗരവത്തോടെ  ഓർമിപ്പിക്കുന്നത്. കുട്ടികളുടെ നാടകത്തിന്റെ ആശയം, ഭാഷ എന്നിവയിൽ  മുതിർന്നവർ ഇടപെടുന്നതും കുട്ടികളെ മുതിർന്നവരാക്കി രൂപാന്തരപ്പെടുത്തുന്നതും ബാല നാടകവേദിയെ നശിപ്പിക്കുകയാണ്. വെറും കുട്ടിക്കളിയല്ല നാടകവേദിയെന്ന് അവരെ പഠിപ്പിക്കേണ്ടത് ആശയങ്ങൾ കുത്തിവച്ച് സ്വാഭാവികത നഷ്ടപ്പെടുത്തിക്കൊണ്ടല്ല.

കുട്ടികളുടെ നാടകം എന്നാൽ കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന നാടകം എന്ന്  നിർവചിക്കപ്പെട്ടിരിക്കുന്ന ഇടമാണ് നമ്മുടേത്. അവതരണം എന്ന ധർമം മാത്രം ഒഴിച്ചു നിർത്തിയാൽ ആശയം, വ്യാഖ്യാനം എന്നിവയിൽ എന്തുമാത്രം കുട്ടികളുടെ ഭാവനയ്ക്ക് ഇടമുണ്ട് എന്ന് ഗൗരവപൂർവം ചിന്തിച്ചേ മതിയാകൂ. സ്കൂൾ കലോത്സവത്തിൽ  ഈ രണ്ടു ദിവസങ്ങളിലായി നാൽപതോളം നാടകങ്ങൾ കണ്ടു. അസാമാന്യ പ്രതിഭകളാണ് കുട്ടികൾ. മിടുക്കരായ അഭിനേതാക്കളാണവർ. പക്ഷേ ഉപരിപ്ലവമായ വിപ്ലവ ഭാഷണങ്ങൾ കൗമാരനാവിന്റെ തുമ്പത്ത് നിന്ന് അഴിച്ചുവിടുന്ന കാഴ്ച സങ്കടകരമാണ്. മത്സരം ജയിക്കുക, ഗ്രേഡ് നേടുക എന്ന അജണ്ടയിൽ കുട്ടികളുടെ ജൈവികമായ അനുഭവ വൈവിധ്യങ്ങൾ റദ്ദ് ചെയ്യപ്പെടുകയാണ്.

കുറേക്കാലം കുട്ടികളെ   ഫിസിക്കൽ തീയറ്ററിന്റെ സാധ്യതകളിൽ നിർത്തുക മാത്രമായിരുന്നു  നാടകം. കുട്ടികളുടെ അക്രോബാറ്റിക്സ്, ഉർജസ്വലമായ ചുവട്വെപ്പുകൾ, വായ്ത്താരി, നാടൻ പാട്ടുകൾ അങ്ങനെ. പിന്നീട് അതിവൈകാരികത ബാല നാടകവേദിയുടെ മുഖമുദ്രയായി. സാഹിത്യാധിഷ്ഠിത അവതരണങ്ങൾക്ക് സമ്മാനസാധ്യതയെന്ന മുൻവിധി  വന്നതോടെ കൃത്രിമത്വത്തിന്റെയും ഗഹനമായ   വാക് വിതരണങ്ങളുടെയും വേദിയായി നാടകം മാറി.

Nadakam-2

നാടക പാഠമായി സാഹിത്യരചനകൾ, പ്രത്യേകിച്ച് സമകാല ചെറുകഥകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. ഒരു പക്ഷേ പൊളിറ്റിക്കൽ കറക്റ്റ്നെസ് ജീവശ്വാസമായ നാടകവേദിക്ക് ഇന്ന് ആശ്രയിക്കാവുന്ന ആശയരൂപം എന്ന നിലയിൽ മലയാള ചെറുകഥകൾ സ്വീകരിക്കപ്പെടുന്നു എന്നത് അഭിമാനകരവുമാണ്.
ഇന്നി​​​​​െൻറ നാട്ടകം കഥകളിൽ നിന്ന് നാടകത്തിലേക്ക് മൊഴിമാറ്റുന്ന ക്രാഫ്റ്റ് സമർത്ഥമായി തന്നെ പല നാടകങ്ങളും പ്രയോഗിക്കുന്നു. പക്ഷേ തെരഞ്ഞെടുക്കുന്ന വിഷയം കുട്ടികളുടെ സംഭാഷണ /ശരീര / ചിന്താ മണ്ഡലങ്ങൾക്കിണങ്ങിയോ, എന്നത് ഗൗരവമായി ആലോചിക്കണം. ആരോ വിരലനക്കുന്നതിനനുസരിച്ച് ചരിക്കുന്ന പാവകളായ് മാറാത്ത, പ്രമേയം കൊണ്ടും അവതരണ മേന്മകൊണ്ടും എടുത്തു പറയേണ്ട നാടകങ്ങൾ വളരെ ചുരുക്കമായിരുന്നു

മറഡോണ നാടകത്തിൽ നിന്നുള്ള ഒരു രംഗം
 


ഹൈസ്കൂൾ വിഭാഗത്തിൽ    മറഡോണ, എലിപ്പെട്ടി, കഞ്ഞി, അന്നപ്പെരുമ  എന്നീ നാടകങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. പി.വി.ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കിയ   ‘ മറഡോണ’ -നാടകം സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വിഷയത്തെ  കുട്ടികളുടെ കാഴ്ചപ്പാടിൽ നിന്നു തന്നെ അവതരിപ്പിച്ചു എന്നതു അഭിനന്ദനാർഹമാണ്. ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡർ വിഷയത്തെ അവതരിപ്പിക്കുകയായിരുന്നു അവർ. സമൂഹത്തില്‍നിന്ന് നാം അകറ്റിനിര്‍ത്തി അപമാനിക്കുന്ന ഭിന്നലിംഗ ജീവിതത്തെ കൈ പിടിച്ച് നെഞ്ചോടു ചേർക്കാൻ ‘മറഡോണ’ ആഹ്വാനം ചെയ്യുന്നു.

ഭാഷയിലും അവതരണത്തിലും കുട്ടികൾ കുട്ടികളായി പെരുമാറി . കളിച്ചും,  ചിരിപ്പിച്ചും, രസിപ്പിച്ചും  ചില സാമൂഹ്യ പാഠങ്ങളെ അവതരിപ്പിക്കുകയായിരുന്നു അവർ. അവരെ പ്രചോദിപ്പിക്കുന്നവരായി ചെ ഗുവരെയും മറഡോണയും  നെല്‍സന്‍ മണ്ടേലയും ഒക്കെ നാടകത്തിൽ കയറി വന്നു. തീർച്ചയായും കുട്ടി ജീവിതങ്ങൾക്ക്    മുന്നോട്ട് പൊരുതാനുള്ള  ഐക്കണുകൾ  തന്നെയാണവർ. ‘Movies will make you famous,television will make you rich, but theatre make you good’  എന്നാണ്  ടെറൻസ്​ മാൻ പറയുന്ന നിർവചനം.  ജീവിതത്തെ പ്രത്യാശയോടെ കാണാൻ ശ്രമിക്കുന്നവരാണ്, അങ്ങനെയാകണം  കുഞ്ഞുങ്ങൾ എന്ന് ഈ നാടകത്തിലൂടെ  തെളിയുന്നു.

nadakam-3

ഹയർ സെക്കൻഡറി നാടകങ്ങളിൽ സ്ഥിരം മത്സര നാടകങ്ങളുടെ പാറ്റേണുകളെ അതിജീവിച്ച ചുരുക്കം നാടകങ്ങളേ കാണാനായുള്ളൂ. വാൾ പോസ്റ്റ്, തുണി, അവൾ, വണ്ടർ കേക്ക് എന്നീ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടവയാണ്. അവതരണ ഇടത്തിന്റെ പുതുമ, വിഷയത്തിന്റെ ആനുകാലികത എന്നിവ ‘വാൾ പോസ്റ്റി’നെ വ്യത്യസ്തമാക്കിയെങ്കിൽ ‘തുണി’ സമകാലിക രാഷ്ട്രീയ വായനയായിരുന്നു . കെ ആർ മീരയുടെ ‘സ്വഛ ഭാരത്’ എന്ന കഥയുടെ നാടകാഖ്യാനമാണത്. പ്രകടമായ ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവമുള്ള നാടകമായിരുന്നു ‘തുണി’.  അതേ രാഷ്ട്രീയ പരിസരം പിന്തുടരാൻ ശ്രമിച്ച മറ്റ് ചില നാടകങ്ങൾ പരിപൂർണ്ണ  ദുരന്തമായി. നാടകത്തിലെ പ്രചാരണാംശം എങ്ങനെ, എത്രത്തോളമാകാമെന്നതിനെ കുറിച്ച് ചെറുതും വ്യക്തവുമായ ഒരു കുറിപ്പ് സി.ജെ തോമസ് എഴുതിയിട്ടുണ്ട്, ‘ഉയരുന്ന യവനിക’യിൽ.1950 കളിൽ എഴുതപ്പെട്ട ആ നിരീക്ഷണങ്ങൾക്ക് ഇപ്പഴും പ്രസക്തിയുണ്ട്. റിയലിസ്​റ്റിക്​ സ്വഭാവവും മിതത്വവും കൊണ്ട്    അഭിനയത്തിലും അവതരണത്തിലും ‘അവൾ’ എന്ന നാടകം മികവു പുലർത്തി. ‘വണ്ടർ കേക്ക്’ സ്ഥിരം മത്സര നാടകങ്ങളിൽ നിന്ന് വേറിട്ടു നിന്ന നാടകമാണ്.  വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെട്ട് മൂർച്ച പോയ, കാലഹരണപ്പെട്ട നാടകമായി സന്തോഷ് ഏച്ചിക്കാനത്തി​​​​​െൻറ ‘കൊമാല’ എന്ന കഥയുടെ ദൃശ്യാഖ്യാനം. എം.മുകുന്ദന്റെ ‘അച്ചൻ’ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു ടീമും ഹയർ സെക്കന്ററിയിൽ രണ്ടു ടീമും ആവർത്തിച്ചു.

കുഞ്ഞുങ്ങൾ കാണിക്കുന്ന ആവശം, സമർപ്പണം  എന്നിവയെ തീർച്ചയായും മാനിക്കുന്നു. എന്നാൽ നാടകം അരങ്ങെത്തിക്കുന്നവർ തികഞ്ഞ ഉത്തരവാദിത്തം നാടക കലയോടു കൂടി കാണിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ തിരഞ്ഞെടുപ്പിനേക്കാൾ അവരെ തിരഞ്ഞെടുക്കുന്ന, നാടക പാഠമൊരുക്കുന്ന അണിയറ പ്രവർത്തകർക്ക് ഉത്തരവാദിത്തമുള്ള മത്സരവേദി കൂടിയാണ് സ്കൂൾ കലോത്സവം. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ ചിൽഡ്രൻസ് തീയറ്റർ മത്സരവും ആണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramakerala newsmalayalam newskerala school kalolsavam 2018Thrissur News
News Summary - Article about Kalolsavam Drama programme-Kerala
Next Story