ആശ്വാസ കിരണം പദ്ധതി അവതാളത്തിൽ; ആനുകൂല്യം കാത്ത് 62,282 കുടുംബങ്ങൾ
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസ കിരണം പദ്ധതിയിൽ സംസ്ഥാനത്ത് നാലുവർഷമായി ആനുകൂല്യം കാത്തിരിക്കുന്നത് 62,282 കുടുംബങ്ങൾ.
ശിശുവികസന ഓഫിസർ മുഖേന നൽകുന്ന അപേക്ഷ അംഗൻവാടി സൂപ്പർവൈസർ ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് സാമൂഹിക സുരക്ഷ മിഷന് സമർപ്പിക്കുന്നത്. ഇങ്ങനെ അംഗീകരിച്ച അപേക്ഷകർക്ക് ഫണ്ടിന്‍റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യം നിഷേധിക്കുന്നത്.
2018 മാർച്ച് 31വരെ അപേക്ഷിച്ച 92,412 പേർ നിലവിൽ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. എന്നാൽ, 2018 ഏപ്രിൽ ഒന്നിന് ശേഷമുള്ള അപേക്ഷകർക്ക് ലഭിക്കുന്നില്ല. പ്രതിമാസം 600 രൂപയാണ് രോഗികളെ പരിചരിക്കുന്നവർക്ക് സഹായം ലഭിക്കുക.
നേരത്തെ ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യമുള്ളവർ, മാനസിക രോഗികൾ എന്നിവരെ പരിചരിക്കുന്നവർക്കാണ് ആനുകൂല്യം നൽകിയിരുന്നത്.
2012ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിക്കുകയും പൂർണമായും അന്ധത ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളാലും കിടപ്പിലായവർ, ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവരെയും ഉൾപ്പെടുത്തി.
ഇതുമൂലം ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ ബജറ്റിൽ നീക്കിവെക്കുന്ന ഫണ്ട് മതിയാകാത്തതാണ് പുതിയ അപേക്ഷകരെ പരിഗണിക്കാതിരിക്കാൻ കാരണമെന്നാണ് സാമൂഹിക സുരക്ഷ മിഷൻ അധികൃതരുടെ വിശദീകരണം.
അപേക്ഷകർ വിവിധ സമയത്ത് വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മതിയായ ഫണ്ട് വകയിരുത്തി ആനുകൂല്യം നൽകാൻ തയാറാകുന്നില്ലെന്ന് ഡൗൺ സിൻട്രോം ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്‍റ് ടി. നാസർബാബു പറഞ്ഞു.
നിലവിൽ തിരുവനന്തപുരം (13,390), കൊല്ലം (5,841), പത്തനംതിട്ട (2,376), ആലപ്പുഴ (6,488), കോട്ടയം (4,777), എറണാകുളം (6,641), ഇടുക്കി (1,942), തൃശൂർ (7,249), പാലക്കാട് (7,987), മലപ്പുറം (11,869), കോഴിക്കോട് (12,197), വയനാട് (1,704), കണ്ണൂർ (7,321), കാസർകോട് (2,630) എന്നിങ്ങനെയാണ് ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണം.
പോസ്റ്റ് ഓഫിസ് വഴി നൽകിയിരുന്ന പണം ഇപ്പോൾ ബാങ്കിലൂടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. 2020 സെപ്റ്റംബർ മുതൽ 2021 ജനുവരി വരെ അഞ്ചുമാസത്തെ ആനുകൂല്യം ഓണത്തോടനുബന്ധിച്ച് അപേക്ഷകർക്ക് ലഭിച്ചു. 2021 ഫെബ്രുവരി മുതലുള്ളത് കിട്ടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.