സി.പി.എം പ്രവർത്തകർക്കു നേരെയുള്ള വധശ്രമക്കേസ്: നാലു ബി.ജെ.പി പ്രവർത്തകർക്ക് തടവ് ശിക്ഷ
text_fieldsചാവക്കാട്: ഗുരുവായൂർ കണ്ടാണശ്ശേരിയിൽ സി.പി.എം പ്രവർത്തകരെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് നാലര വർഷം തടവും പിഴയും. ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശികളായ വട്ടം പറമ്പിൽ ബോഷി (42), വെട്ടത്ത് കുഴുപ്പിള്ളി സിജിൻ (41), കുഴുപ്പിള്ളി നിഖിൽ (35), ഇരുപ്പുശ്ശേരി ബിജീഷ് (40) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി നാലര കൊല്ലം തടവിനും 15,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.
2015 നവംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾ വിജയിച്ചതിലുള്ള ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ടാണശ്ശേരി കുറിയേടത്ത് ശരത്ത്, വട്ടംപറമ്പിൽ സുർജിത്ത്, ഗീത, ശാന്തിനി, ഷീബ എന്നിവരെയാണ് പ്രതികൾ കണ്ടാണശ്ശേരി നാൽക്കവലക്ക് സമീപം തടഞ്ഞ് ആക്രമിച്ചത്.
ശരത്തിനെയും സുർജിത്തിനെയും കോൺക്രീറ്റ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഗീത, ശാന്തിനി, ഷീബ എന്നിവരെ പിടിച്ചു തള്ളി വീഴ്ത്തി മാനഹാനിയും വരുത്തിയെന്നാണ് കേസ്. കണ്ടാണശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടതിലുള്ള വിരോധത്തിലാണ് ബി.ജെ.പി പ്രവർത്തകരായ പ്രതികൾ ആക്രമണം നടത്തിയത്.
പിഴ സംഖ്യ ശരത്തിനും സുർജിത്തിനും നൽകണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.