ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല
text_fieldsതിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് തുടക്കമായി. രാവിലെ 10.15ന് കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന സമയത്ത് ക്ഷേത്രത്തിനു മുന്നിൽ പച്ചപ്പന്തലിന് സമീപം ഒരുക്കിയ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് ആറ്റുകാലമ്മക്ക് നിവേദ്യം അർപ്പിക്കുന്നത്.

ക്ഷേത്രത്തിൽ ചെണ്ടമേളവും കതിനാവെടിയും മുഴങ്ങവെ ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാട് തീ പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറി. തുടർന്ന് ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും തീ തെളിയിച്ച് മേൽശാന്തി സഹ മേൽശാന്തിക്ക് കൈമാറുകയും ചെയ്തു. ഉച്ചപൂജക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം.
വൈകീട്ട് 6.45ന് ദീപാരാധനക്കു ശേഷം രാത്രി 7.45ന് കുത്തിയോട്ട ചൂരൽക്കുത്ത് നടക്കും. രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നള്ളത്തിന് 983 കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. പൊലീസ് സായുധ സേനയുടെ അകമ്പടിയും ഉണ്ടാകും.
ബാലികമാരുടെ താലപ്പൊലി നേർച്ചയും ശനിയാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലെത്തും. ഉച്ചയോടെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. രാത്രി നടക്കുന്ന കാപ്പഴിക്കൽ, കുരുതിതർപ്പണം ചടങ്ങുകളോടെ 10 നാൾ നീണ്ട പൊങ്കാല ഉത്സവത്തിന് സമാപനമാകും.
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പൊങ്കാലക്കായി വലിയ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കി 4200 പൊലീസ്, ഏത് അടിയന്തരസാഹചര്യവും നേരിടാൻ എ.കെ 47 തോക്കേന്തിയ വനിത കമൻഡോകൾ, കൂടാതെ ക്യുക് റെസ്പോൺസ് ടീമുകൾ, 65 സ്ഥലത്ത് സിസി ടി.വി നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.