റീഡിങ്ങിനൊപ്പം ബില്ലടക്കലും; കെ.എസ്.ഇ.ബിയുടെ സ്പോട്ട് ബിൽ പേയ്മെന്‍റ് പരീക്ഷണം വിജയം
text_fieldsതിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്‍ തുക ഓണ്‍ലൈനായി അടക്കാൻ സൗകര്യമൊരുക്കുന്ന കെ.എസ്.ഇ.ബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പി.ഡി.എ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടക്കാനാകും. ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമടക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ സഹായകരമാണ് ഈ പദ്ധതി. ബില്ലടക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്റ് സേവനത്തിന് സര്‍വിസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെ.എസ്.ഇ.ബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.