പേരാമ്പ്രയിലെ ബി.ജെ.പി -ആർ.എസ്.എസ് അടി: പെട്രോൾ പമ്പ് അഴിമതി വിഷയത്തിൽ ബി.ജെ.പി വെട്ടിൽ, നടപടിക്ക് സാധ്യത
text_fieldsപേരാമ്പ്ര: പെട്രോൾ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയതിനെ ചൊല്ലി ബി.ജെ.പി മണ്ഡലം നേതൃയോഗം ആർ.എസ്.എസ് കൈയ്യേറിയ സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം ഭാരവാഹികൾ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആർ.എസ്.എസ് ആരോപണം. ഇതിൽ നിന്നും രക്ഷപ്പെടാൻ ആരോപണ വിധേയരായവർക്കെതിരെ അച്ചടക്ക നടപടിക്കാണ് പാർട്ടി നീക്കം.
ആരോപണ വിധേയരെ പുറത്താക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. സംഘ് പരിവാർ അനുഭാവിയായ പാലേരി സ്വദേശി പ്രജീഷിന്റെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽ നിന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറി ശ്രീധരൻ മുതുവണ്ണാച്ച പണം വാങ്ങി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. മറ്റൊരു ഭാരവാഹി ശ്രീജിത്തും പല തവണയായി 1,10,000 രൂപ വാങ്ങിയെന്നാണ് പ്രജീഷിന്റെ ആരോപണം.
പ്രജീഷ് കല്ലോട് മൂരികുത്തിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രവൃത്തി അനുവദിക്കണമെങ്കിൽ കൊടുത്ത പണത്തിനു പുറമെ 1.5 ലക്ഷം കൂടി നൽകണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടെന്നാണ് പ്രജീഷ് പറയുന്നത്. പമ്പ് ഉടമയോട് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഇന്നലെയാണ് ബി.ജെ.പി മണ്ഡലം നേതൃയോഗം ആർ.എസ്.എസ് കൈയ്യേറിയത്.
അതേസമയം, കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് പറയുന്നത്. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്നും സത്യം പുറത്ത് വരുമെന്നും രജീഷ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ‘മണ്ഡലം യോഗത്തിനിടയിൽ മണ്ഡലം പ്രസിഡന്റിന് പരിക്ക് പറ്റി എന്ന തരത്തിൽ വന്നത് വ്യാജവാർത്തയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയെ താറടിച്ച് കാണിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പെട്രോൾ പമ്പ് ഉടമയിൽ നിന്ന് സംഭാവനയായാണ് 25000 രൂപ വാങ്ങിയത്’ -രജീഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.