കോ-ലീ-ബി സഖ്യത്തിൽ അക്കിടി പറ്റിയ ബി.ജെ.പി
text_fieldsദീർഘകാലം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിമരുന്നിട്ട വിവാദമായിരുന്നു കോൺഗ്രസ്-ലീഗ്-ബി.ജെ.പി (കോ-ലീ-ബി) സഖ്യം. 1991ൽ കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടന്നത്. യു.ഡി.എഫ് നേതൃത്വം ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി ബേപ്പൂർ അസംബ്ലി സീറ്റിൽ ഡോ. കെ. മാധവൻകുട്ടിയെയും വടകര ലോക്സഭ സീറ്റിൽ അഡ്വ. രത്ന സിംഗിനെയും സ്വതന്ത്രരായി നിർത്തിയെന്നായിരുന്നു ആരോപണം.
ബി.ജെ.പി ബന്ധമുള്ള ഇരു സ്ഥാനാർഥികൾക്കും പിന്തുണ നൽകുന്നതിന് പകരം സംസ്ഥാനത്ത് പലയിടത്തും യു.ഡി.എഫിന് അനുകൂലമായി ബി.ജെ.പി വോട്ട് നൽകുന്ന വിധമുള്ള രഹസ്യ ധാരണ രൂപപ്പെടുത്തിയതായും ബി.ജെ.പി നേതാവ് കെ.ജി. മാരാർ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് ദുർബല സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതായും ആരോപണമുയർന്നു.
രാജീവ് ഗാന്ധി വധം സൃഷ്ടിച്ച സഹതാപ തരംഗത്തിന്റെ കൂടി വെളിച്ചത്തിൽ 1991ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരം പിടിച്ചെങ്കിലും ഈ അവസരവാദ സഖ്യം ജനം തള്ളി. ബേപ്പൂരിലും വടകരയിലും എൽ.ഡി.എഫ് വൻ വിജയം നേടി. ബേപ്പൂരിൽ സി.പി.എം സ്ഥാനാർഥി ടി.കെ. ഹംസ 6270 വോട്ടുകൾക്കും വടകരയിൽ കോൺഗ്രസ് (എസ്) സ്ഥാനാർഥി കെ.പി. ഉണ്ണികൃഷ്ണൻ 17,000ത്തിലേറെ വോട്ടുകൾക്കും വിജയിച്ചു.
1991ൽ ബി.ജെ.പി വോട്ടുകൂടി നേടിയാണ് യു.ഡി.എഫ് അധികാരത്തിലേറിയതെന്നും എന്നാൽ, ഈ സഖ്യം പാർട്ടിക്ക് വൻ നഷ്ടം വരുത്തിയെന്നും ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ‘ജീവിതാമൃതം’ എന്ന ആത്മകഥയിൽ പറഞ്ഞിരുന്നു. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി. മാരാരെക്കുറിച്ച് എഴുതിയ ‘കെ.ജി. മാരാർ: രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന പുസ്തകത്തിലും കോ-ലീ-ബി സഖ്യം യാഥാർഥ്യമായിരുന്നുവെന്ന് പറയുന്നുണ്ട്.
ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതിൽ കെ. കരുണാകരൻ അത്യുത്സാഹം കാട്ടിയതായും മറ്റു കക്ഷികളേക്കാൾ സഹകരണാത്മക സമീപനം ലീഗിൽനിന്ന് ഉണ്ടായതായും ഈ പുസ്തകത്തിൽ പറയുന്നു. ബി.ജെ.പി സ്ഥാനാർഥികൾക്ക് എത്ര സീറ്റിലാണോ യു.ഡി.എഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റിൽ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബി.ജെ.പി ഉറപ്പുനൽകി. അതനുസരിച്ച് ബി.ജെ.പി പ്രവർത്തിച്ചെങ്കിലും ഫലം മറിച്ചായി. ബി.ജെ.പി സ്ഥാനാർഥികളെ കോൺഗ്രസ് തന്ത്രപൂർവം തോൽപിച്ചു. എൻ.എസ്.എസും സഹായിച്ചില്ല.
അതേസമയം, ബേപ്പൂരിൽ ഡോ. മാധവൻകുട്ടിക്ക് 60,413 വോട്ടുകൾ നേടാനായത് ലീഗിന്റെ സഹകരണം കൊണ്ട് മാത്രമാണെന്നും കെ.ജി. മാരാരെക്കുറിച്ച ജീവചരിത്ര ഗ്രന്ഥത്തിൽ പറയുന്നു. എന്നാൽ, ഇടതുപക്ഷം യു.ഡി.എഫിനെതിരെ ആയുധമാക്കിയ കോ-ലീ-ബി സഖ്യം എന്ന ആരോപണം കെ. കരുണാകരനും പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് നിഷേധിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.