ഇടിക്കൂട്ടില്‍ അയ്യര്‍ ആളത്ര പാവമല്ല
text_fieldsസുല്‍ത്താന്‍ ബത്തേരി: ബിരുദ വിദ്യാര്‍ഥിയായ ശ്രീറാം സുന്ദര്‍ ഇടിക്കൂട്ടില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് വാങ്ങിക്കൂട്ടിയത് ചില്ലറ മെഡലുകളല്ല. ശ്രീറാം നിരവധി ആയോധന കലകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രം മേല്‍ശാന്തി ആര്‍. സുന്ദരേശ്വ അയ്യരുടെയും ബത്തേരി ഗ്രാമീണ്‍ ബാങ്ക് അസി. മാനേജര്‍ പാര്‍വതിയുടെയും മകനാണ് ശ്രീറാം.
ചെറുപ്പത്തില്‍ അത്ലറ്റിക് മത്സരങ്ങളോടായിരുന്നു താല്‍പര്യം. പിന്നീട് സ്വയം പ്രതിരോധത്തിനായാണ് ആയോധന കലകള്‍ പഠിക്കാന്‍ തുടങ്ങിയത്. വുഷു, കരാട്ടേ, മൊയ്തായ്, ജൂഡോ എന്നിവയിലെല്ലാം വൈദഗ്ധ്യം നേടി. മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്വര്‍ണവും വെള്ളിയും വെങ്കലവുമെല്ലാം വാരിക്കൂട്ടുകയും ചെയ്തു.
കിക്ക് ബോക്സിങ് ടൈറ്റില്‍ മത്സരത്തില്‍ 2014, 2015 വര്‍ഷങ്ങളില്‍ സംസ്ഥാന ജേതാവായി.
2015ല്‍ ദേശീയ തലത്തില്‍ വെങ്കലവും നേടി. കരാട്ടേ സൗത്ത് ഏഷ്യ മത്സരത്തില്‍ 2016ല്‍ സ്വര്‍ണ മെഡല്‍ നേടി. സംസ്ഥാന തലത്തില്‍ 2015ല്‍ വുഷു മത്സരത്തില്‍ വെങ്കലവും മൊയ്തായ് മത്സരത്തില്‍ 2015ല്‍ വെള്ളിയും 2016ല്‍ സ്വര്‍ണവും നേടി. ഇതേ വര്‍ഷങ്ങളില്‍തന്നെ ബോക്സിങ്ങിലും വെങ്കലവും നേടി.
ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സില്‍ 2016ല്‍ വെള്ളി നേടി. നാലാം ക്ളാസ് വരെ ബത്തേരി സെന്‍റ് ജോസഫ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് പിതാവിന്‍െറയും മാതാവിന്‍െറയും നാടായ പാലക്കാട്ടേക്ക് പോയി. സെന്‍റ് തോമസ് കോണ്‍വെന്‍റ് സ്കൂളിലായിരുന്നു പത്താം ക്ളാസ് വരെ പഠനം, പ്ളസ് ടു കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയിലും.
ഇപ്പോള്‍ ബത്തേരി സെന്‍റ് മേരീസ് കോളജില്‍ ഇംഗ്ളീഷ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ബോക്സിങ്ങും കിക്ക് ബോക്സിങ്ങും മാനന്തവാടിയില്‍നിന്നാണ് പഠിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസം കോഴിക്കോട് പോയാണ് മൊയ്തായ് പരിശീലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.