റീൽസ് ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ച ബെൻസ് കാറിന് ഇൻഷുറൻസില്ല
text_fieldsകോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് വെള്ളയിയൽ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ, യുവാവിനെ ഇടിച്ച ബെൻസ് കാറിന് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് കണ്ടെത്തി. TS 9 UA 9 നമ്പർ ബെൻസ് ജി ക്ലാസ് കാറിടിച്ച് വടകര കടമേരി സ്വദേശി വേളത്ത് താഴെകുനി നെടുഞ്ചാലിൽ ആൽവിനാണ് (21) മരിച്ചത്. കാർ ഡ്രൈവർ മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാനെ (28) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സാബിത്ത് പങ്കാളിയായി ഹൈലൈറ്റ് മാളിന് സമീപം പ്രവർത്തിക്കുന്ന ‘999 ഓട്ടോമോട്ടിവ്’ കാർ ആക്സസറീസിനായി വിഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തെലങ്കാന രജിസ്‍ട്രേഷനിലുള്ള വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ ഷൂട്ടിനെത്തിച്ച ഡിഫെൻഡർ കാറാണ് അപകടം വരുത്തിയത് എന്നായിരുന്നു സംഘം ആദ്യം പറഞ്ഞത്. ഇതുതന്നെ ആൽവിനെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരോടും ആവർത്തിച്ചു. ഇൻഷുറൻസ് ഇല്ലാത്ത മൂന്നുകോടിയിൽ പരം രൂപ വിലവരുന്ന ആഡംബര വാഹനം പൊലീസിന് കൈമാറിയാൽ വർഷങ്ങളോളം സ്റ്റേഷനിൽ കിടന്നേക്കുമെന്ന് സംഘം കണക്കുകൂട്ടിയിരുന്നു.
വാഹനം മാറ്റി പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ഡിഫൻഡറാണ് അപകടമുണ്ടാക്കിയത് എന്ന നിലക്കായിരുന്നു ആദ്യം അന്വേഷണം. പിന്നീട് സി.സി.ടി.വിയിൽ പതിഞ്ഞ അപകട ദൃശ്യം പൊലീസിന് ലഭിച്ചതോടെ ഇത് പൊളിഞ്ഞു. മാത്രമല്ല, ആൽവിൻ മൈബൈലിൽ പകർത്തിയ ദൃശ്യങ്ങളും അപകടമുണ്ടാക്കിയത് ബെൻസ് ആണെന്ന് സൂചന നൽകി. പരിശോധനയിൽ ബെൻസിന്റെ മുൻഭാഗത്ത് പോറലുള്ളതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി.
വാഹനങ്ങൾ ഓടിച്ചിരുന്ന സാബിത്ത് റഹ്മാനെയും മുഹമ്മദ് റബീസിനെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരുവരും എല്ലാം തുറന്നുപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.