ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി കാമറ; അച്ഛനെതിരെ വനിതാ കമീഷനിൽ പരാതി
text_fieldsതിരുവനന്തപുരം: ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ വനിതാ കമീഷന് മുന്നിൽ. ഇന്ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന വനിതാ കമീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്. ഇത്തരം കേസുകൾ അടുത്തിടെ കൂടിവരുന്നതായി വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം കാട്ടാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തി. കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആ കമ്മിറ്റി കൃത്യമായി യോഗം ചേരണം. പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായുള്ള ഇടപെടലുകൾ ശക്തമാവേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
സ്വത്ത് വാങ്ങിച്ച ശേഷം വൃദ്ധരായ മാതാക്കളെ മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന സ്ത്രീകളുടെ പരാതികളും കമീഷന്റെ മുമ്പാകെ കൂടുതലായി എത്തുന്നുണ്ട്.
തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിന് ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. സി.ഐ ജോസ് കുര്യൻ, എസ്.ഐ മിനുമോൾ, അഭിഭാഷകരായ എസ്. സിന്ധു, സൗമ്യ, സൂര്യ, കൗൺസിലർ സിബി എന്നിവരും പരാതികൾ കേട്ടു. ആകെ പരിഗണിച്ച 300 പരാതികളിൽ 71 പരാതികൾ പരിഹരിച്ചു. 19 പരാതികളിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിങ്ങിന് വിട്ടു. 207 പരാതികൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റിവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.