കേന്ദ്ര സർക്കാർ മലപ്പുറം അലിഗഡ് സെന്‍ററിനെ കൊന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: കേന്ദ്ര സർക്കാർ മലപ്പുറം അലിഗഡ് സെന്‍ററിനെ കൊന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ല. വിദ്യാഭ്യാസത്തിലും വിവേചനം തുടരുകയാണ്. താൻ എം.പിയായിരുന്ന സമയത്ത് യോഗങ്ങൾ നടത്തിയിരുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സച്ചാർ കമ്മറ്റിയുടെ നിർദേശ പ്രകാരം 2010ലാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്‍റർ സ്ഥാപിതമാവുന്നത്. നിലവിൽ മൂന്ന് ഡിപ്പാർട്ട്മെൻറുകൾ മാത്രമാണ് സെന്‍ററിൽ പ്രവർത്തിക്കുന്നത്. 1200 കോടിയുടെ വിശദമായ ഡി.പി.ആർ അംഗീകരിച്ചെങ്കിലും 104 കോടി രൂപ മാത്രമാണിത് വരെ ലഭിച്ചിട്ടുള്ളത്.
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരു രൂപ പോലും കേരളത്തിലെ കാമ്പസിനായി അനുവദിച്ചിട്ടില്ല. എന്നാൽ, 343 ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് യൂണിവേഴ്സിറ്റിക്ക് കൈമാറിയ കേരള സർക്കാർ, ജല-വൈദ്യുത വിതരണത്തിനു ആവശ്യമായ സജീകരണങ്ങളും തയറാക്കിയിട്ടുണ്ട്.
അതേസമയം, അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെന്‍ററിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചതായി ആഗസ്റ്റ് 10ന് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി അന്നപൂർണ്ണ ദേവി വ്യക്തമാക്കിയിരുന്നു. കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം മേഖല കേന്ദ്രത്തിൽ അപേക്ഷ ലഭിച്ചതായി അബ്ദുസമദ് സമദാനി എം.പിയെയാണ് കേന്ദ്രമന്ത്രി അറിയിച്ചത്. മലപ്പുറം ജില്ലയിൽ പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നത് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.