മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് ട്രഷറിയിലിട്ട് ദുരുപയോഗം ചെയ്യുന്നു –ചെന്നിത്തല
text_fieldsകൊച്ചി: പ്രളയബാധിതരെ സഹായിക്കാൻ ജനങ്ങൾ നൽകിയ പണം ട്രഷറിയിൽ സൂക്ഷിക്കുന്ന മുഖ്യ മന്ത്രി അത് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന രാപകൽ സമരം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്തെ ദുരിതബാധിതരെ സഹായിക്കാൻ നിധിയിലെ 1917കോടി മാത്രമാണ് ചെലവഴിച്ചത്. ഒരുവർഷം പിന്നിടുമ്പോൾ സർക്കാർ കൈവശംവെച്ചിരിക്കുന്നത് 2414 കോടിയാണ്. ട്രഷറി പൂട്ടാതിരിക്കാനാണ് ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലൊരിക്കലും ഉണ്ടാവാത്ത പ്രളയത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാൻ സർക്കാറിന് ഒരു പദ്ധതിയുമില്ല. ദുരന്തങ്ങളെ നേരിടുന്ന കാര്യത്തിലും സർക്കാർ പരാജയപ്പെട്ടു.
ബജറ്റിെൻറ പരിധിക്ക് പുറത്തുള്ള കിഫ്ബി ഓഡിറ്റ് ചെയ്യാൻ തയാറാവാത്തത് അഴിമതിയും സ്വജനപക്ഷപാതവുമാണ് വ്യക്തമാക്കുന്നത്. ഉന്നതർക്കുവേണ്ടി പൊലീസ് വിടുപണി ചെയ്യുന്നുവെന്ന് പറയുന്ന, ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി രാജിവെക്കണം. നരേന്ദ്രമോദിയെപ്പോലെയാണ് പിണറായിയുടെ പെരുമാറ്റം.
സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഇവയെ ഉപയോഗിച്ച് മോദി പ്രതിയോഗികളെ അടിച്ചമർത്തുമ്പോൾ സർക്കാറിനെ വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന നടപടിയാണ് പിണറായിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.