പദ്ധതി പ്രവര്‍ത്തനം മുഖ്യമന്ത്രി അവലോകനം ചെയ്തു
text_fieldsതിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പടെയുളള സംസ്ഥാനത്തെ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. വാര്‍ഷിക പദ്ധതികളുടെ പുരോഗതി 2018 ജനുവരി 31 വരെയുളള കണക്കുകള്‍ പ്രകാരം 64 ശതമാനമാണ്. കേന്ദ്രം അംഗീകരിച്ചതും ധനസഹായം ലഭ്യമായതുമായ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചെലവ് 72 ശതമാനമാണന്ന് യോഗം വിലയിരുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വാര്‍ഷിക പദ്ധതികളുടെ 2018 ജനുവരി വരെയുളള പ്രവര്‍ത്തന പുരോഗതി 45 ശതമാനമാണ്. മുന്‍വര്‍ഷത്തെ (2017 ജനുവരി വരെ) അപേക്ഷിച്ച് 22 ശതമാനം കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം ഓരോ മൂന്നു മാസവും പദ്ധതി പ്രവര്‍ത്തനം മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ശനിയാഴ്ച അവലോകന യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയും ബന്ധപ്പെട്ട സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്ത്രില്‍ എന്നിവരും പങ്കെടുത്തു.
വകുപ്പുതലത്തില്‍ അടങ്കല്‍തുക 10 കോടി രൂപയില്‍ കൂടുതല്‍ വരുന്ന 85 മൂലധന പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കൂടാതെ ഓരോ വകുപ്പിലേയും തെരഞ്ഞെടുത്ത 3 പ്രധാന പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. 18 പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളും നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ട നാലുമിഷനുകളുടെ പദ്ധതികളും കിഫ്ബി വഴി ധനസഹായം ലഭ്യമാക്കുന്ന പദ്ധതികളും യോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിയും അവലോകനത്തില്‍ വന്നു. പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി തലത്തില്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാങ്കേതികമായ പ്രശ്നങ്ങള്‍ കാരണം പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കാന്‍ സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പ്രത്യേകം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.