തോക്കുകൾക്ക് നടുവിൽ മുഖ്യമന്ത്രിയുടെ സന്ദർശനം
text_fieldsഅഗളി: ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ നടന്നതിെൻറ ചരിത്രം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിെൻറ വീട് സന്ദർശിക്കാൻ തോക്കേന്തിയ അഞ്ഞൂറിലധികം പൊലീസുകാരുടെ കാവൽ. മുഖ്യമന്ത്രി പുറപ്പെട്ട പാലക്കാട് നഗരം മുതൽ മുക്കാലി കവലവരെ ആയുധധാരികളായ പൊലീസുകാർ പാറാവും അകമ്പടിയും സേവിച്ചു. സമീപകാലത്ത് കാണാത്ത സുരക്ഷവലയത്തിലാണ് മുഖ്യമന്ത്രിയും സംഘവും മുക്കാലിയിലെത്തിയത്.
മധുവിെൻറ വീട്ടുവളപ്പിൽ പോലും പൊലീസ് മറഞ്ഞുനിന്ന് സുരക്ഷ നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ. മുഖ്യമന്ത്രിക്കെതിരെ ആദിവാസി വിഭാഗത്തിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുയർന്നാൽ സർക്കാർ പ്രതിച്ഛായക്ക് മങ്ങലേൽക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കനത്ത സുരക്ഷ ഒരുക്കിയത്. മൊത്തം 518 പൊലീസുകാരെയാണ് സുരക്ഷക്ക് നിയോഗിച്ചത്. മധ്യമേഖല ഐ.ജി എം.ആർ. അജിത് കുമാർ നേരിട്ടാണ് സുരക്ഷ ചുമതലക്ക് നേതൃത്വം നൽകിയത്. എ.ആർ ക്യാമ്പിൽനിന്ന് 157 പേരെയും കെ.എ.പിയിൽനിന്നും 188 പേരെയും മറ്റു വിഭാഗങ്ങളിൽനിന്നും 187 പേരെയുമാണ് സുരക്ഷക്കായി നിയോഗിച്ചത്. ഇതിനു പുറമെ തണ്ടർബോൾട്ട് സേനയും സുരക്ഷ രംഗത്ത് സജീവമായി.
സ്പെഷൽ അന്വേഷണ വിഭാഗം, ഇൻറലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും പ്രദേശത്തുണ്ടായിരുന്നു. കനത്ത സുരക്ഷവലയം പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് മുക്കാലിയിൽനിന്ന് ചിണ്ടക്കയിലേക്ക് രാവിലെ മുതൽ ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവ കടത്തിവിട്ടില്ല. ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മുക്കാലിയിൽനിന്നും ചിണ്ടക്കിയിലേക്ക് നാലര കിലോമീറ്റർ ദൂരമുണ്ട്.
ജീപ്പ് മാത്രം കടന്നുപോകുന്ന ഈ വഴിയിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ നടന്നാണ് ആദിവാസികൾ മുക്കാലിയിലെത്തിയത്. മണ്ണാർക്കാടുനിന്ന് അഗളിയിലേക്ക് പോകുന്ന വാഹനങ്ങളിലും പരിശോധന നടന്നു. മുഖ്യമന്ത്രിയെ കാണാൻ കാത്തുനിന്ന ആദിവാസികൾക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.