ചിന്നക്കനാൽ 346.89 ഹെക്ടർ റിസർവ് വനം: അന്തിമ വിജ്ഞാപനത്തിനുള്ള നടപടികളുമായി വനം വകുപ്പ്
text_fieldsഅടിമാലി: ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിലെ 346.89 ഹെക്ടർ ഭൂമി റിസർവ് വനം ആക്കിയുള്ള അന്തിമ വിജ്ഞാപനമിറക്കാൻ നടപടികളുമായി വനംവകുപ്പ്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ചിന്നക്കനാൽ റിസർവ് എന്ന പേരിൽ പുതിയ സംരക്ഷിത വനം പ്രഖ്യാപിച്ച് സർക്കാറിന്റെ കരട് വിജ്ഞാപനം ഇറങ്ങിയത്.
ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ് ഓഫിസറായി നിയമിച്ചിരുന്നു. സ്ഥലപരിശോധന, പരാതികൾ സ്വീകരിക്കൽ, അപ്പീലുകൾ കോടതിയിൽ സമർപ്പിക്കാനുള്ള സമയപരിധി, നഷ്ടപരിഹാരം തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പദ്ധതി രൂപരേഖ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കഴിഞ്ഞ ദിവസം മൂന്നാർ ഡി.എഫ്.ഒ, ആർ.ടി.ഒ എന്നിവർക്ക് കൈമാറി. വന നിയമത്തിലെ നാലാം ചട്ട പ്രകാരമാണ് 364.89 ഹെക്ടർ റിസർവ് വനമാക്കിയത്.
എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയാണിത്. 2001 പാട്ട കാലാവധി അവസാനിച്ചതോടെയാണ് വനം വകുപ്പ് ഏറ്റെടുത്തത്. ആനയിറങ്കൽ ജലാശയത്തിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഈ സ്ഥലത്തെ വന്യമൃഗങ്ങൾ, സസ്യസമ്പത്ത് എന്നിവ സംരക്ഷിക്കാനാണ് റിസർവ് വനം ആക്കിയതെന്നാണ് വനം വകുപ്പിന്റെ വാദം. പാപ്പാത്തി ചോല, സൂര്യനെല്ലി എന്നീ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും. വനഭൂമിയാകുന്നതോടെ പട്ടയനടപടികളടക്കം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാകും അന്തിമ വിജ്ഞാപനമിറക്കുക.
ജനദ്രോഹനയങ്ങളെ എതിർക്കും - എം.എം മണി
ഇടുക്കി: കാലങ്ങളായി ജനങ്ങൾ താമസിക്കുന്ന സ്ഥലം വനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് എം.എം. മണി എം.എൽ.എ. കുടിയേറ്റ ജില്ലയാണ് ഇടുക്കി. ജനദ്രോഹ നയങ്ങൾ ഉണ്ടായാൽ എതിർക്കുമെന്നും വിഷയം പഠിക്കേണ്ടതുണ്ടെന്നും എം.എം. മണി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.