ജല അതോറിറ്റിയിലും സി.ഐ.ടി.യു സമരക്കൊടി: ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കും കെ.എസ്.ഇ.ബിക്കും പിന്നാലെ ഘടകകക്ഷി മന്ത്രിക്ക് കീഴിലുള്ള ജല അതോറിറ്റിയിലും സി.ഐ.ടി.യു സമരത്തിലേക്ക്. ശമ്പളപരിഷ്കരണമടക്കം അഞ്ച് ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിക്കുന്നത്. രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് മൂന്നാമത്തെ പൊതുമേഖല സ്ഥാപനത്തിൽ കൂടി സി.ഐ.ടി.യു നേതൃത്വത്തിൽ സമരക്കൊടി ഉയരുന്നത്.
ചുമതലയേറ്റ് ഒരു വർഷമായിട്ടും മന്ത്രി റോഷി അഗസ്റ്റിൻ അംഗീകൃത ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചുചേർക്കാനോ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്ന വിമർശനം ഉയരുന്നുണ്ട്. 2016 ലാണ് ജല അതോറിറ്റിയിൽ ശമ്പള പരിഷ്കണം നടത്തിയത്. 2019 ൽ ഇതിെൻറ കാലാവധി അവസാനിച്ചെങ്കിലും മാനേജ്മെന്‍റ് തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ശമ്പള കമീഷൻ റിപ്പോർട്ട് നൽകിട്ടുണ്ടെങ്കിലും പരിഷ്ക്കരണം പ്രഖ്യാപിച്ചിട്ടില്ല. പുനഃസംഘടനയുടെ പേരിൽ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന സെക്ഷൻ ഓഫിസുകളെ അവഗണിക്കുന്നതും ഓഫിസർമാർക്കായി കൂടുതൽ മേഖല ഓഫിസുകൾ തുടങ്ങാനുള്ള നീക്കവും സി.ഐ.ടി.യുവിെൻറ പ്രതിഷേധത്തിന് ശക്തിപകരുന്നു. സർവിസ്-പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക, പി.എസ്.സി അംഗീകരിച്ച ടെക്നിക്കൽ സ്പെഷ്യൽ റൂൾ ഉത്തരവാക്കുക, സർവിസ് ഗ്രേഡിന് സി.എൽ.ആർ പരിഗണിക്കില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കുക, ഉപഭോക്താക്കളെ വലയ്ക്കുന്ന പരിഷ്ക്കാരങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.
എന്നാൽ പുനഃസംഘടനയെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്നാണ് അതോറിറ്റിയുടെ നിലപാട്. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാറാണെന്നും അതോറിറ്റി വിശദീകരിക്കുന്നു. കെ.എസ്.ഇ.ബിയെയും കെ.എസ്.ആർ.ടി.സിയെയും പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുനിൽക്കുന്ന സ്ഥാപനങ്ങളിലെ ഭരണാനുകൂല സംഘടനകളാണ് സമരവുമായി രംഗത്തുള്ളതെന്നതാണ് വാർഷികത്തിൽ ഇടത് സർക്കാറിന് തലവേദനയാകുന്നത്.
കെ.എസ്.ഇ.ബി: ചർച്ച ചൊവ്വാഴ്ച നടന്നേക്കും
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ സി.പി.എം അനുകൂല ഓഫിസർമാരുടെ സമരവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി നിശ്ചയിച്ച ചർച്ച ചൊവ്വാഴ്ച നടന്നേക്കും. രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട്ട് സർവകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് വൈദ്യുതി ബോർഡിലെ ചർച്ച മാറ്റിയത്. വൈദ്യുതി ബോർഡ് ഓഫിസേഴ്സ് അസോസിയേഷൻ ബോർഡ് ആസ്ഥാനത്തിനു മുന്നിൽ സമരം തുടരുകയാണ്. ചൊവ്വാഴ്ച വൈദ്യുതി ബോർഡ് ആസ്ഥാനം വളയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളുടെ സ്ഥലംമാറ്റം പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് സംഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.