മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
text_fieldsകണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ എ.ഡി.സി (ജനറൽ) ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പത്രിക നൽകിയത്.
രണ്ട് സെറ്റ് പത്രികയാണ് തിങ്കളാഴ്ച നൽകിയത്. ഒരു സെറ്റ് പിന്നീട് നൽകും. സിപി.എം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് എൽ.ഡി.എഫ് നേതാക്കളായ സി.എൻ. ചന്ദ്രൻ, എം.വി. ജയരാജൻ, പി. ബാലൻ എന്നിവർക്കൊപ്പം തിങ്കളാഴ്ച രാവിലെ 11നാണ് അദ്ദേഹം കലക്ടറേറ്റിലെത്തിയത്. പ്രകടനവും അധികം ആൾക്കൂട്ടവുമുണ്ടായില്ല. നേതാക്കളായ കെ.പി. സഹദേവൻ, എ.ജെ. മാത്യു, കെ.കെ. രാജൻ, സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ എന്നിവരും കലക്ടറേറ്റിൽ എത്തിയിരുന്നു.
സർക്കാറിന്‍റെ ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം ധർമടത്ത് മത്സരിക്കുന്നത്. ആദ്യതവണ 35,000ത്തിലധികം ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
മൂന്നുതവണ കൂത്തുപറമ്പിൽനിന്നും ഒരു തവണ പയ്യന്നൂരിൽനിന്നും ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്. ധർമടത്തെ യു.ഡി.എഫ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.