കണ്ണൂര്‍ വിമാനത്താവളം: ഒരുക്കം വിലയിരുത്താൻ മുഖ്യമന്ത്രിയെത്തി
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉന്നതതലയോഗം ചേർന്നു. മൂന്നുമണിയോടെ എത്തിയ മുഖ്യമന്ത്രി വിമാനത്താവളം മുഴുവൻ കണ്ടശേഷമാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഡിസംബര്‍ ഒമ്പതിന് രാവിലെ 10നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഒരുക്കേണ്ട യാത്രാസൗകര്യങ്ങളും മറ്റും വിലയിരുത്തി. സുരക്ഷാ നിർദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിർദേശം നല്കി. വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനത്തില്‍ സ്ഥലം, വീട്, സ്ഥാപനങ്ങള്‍ എന്നിവ നഷ്ടമാകുന്നവര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ ആവശ്യമായ പഠനം നടത്തുന്നതിന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയെ ചുമതലപ്പെടുത്തി.
ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്കായി താൽക്കാലിക ശുചിമുറികള്‍, ഫസ്റ്റ് എയ്ഡ് സെൻറര്‍ എന്നിവ ഒരുക്കും. ചടങ്ങ് പൂർണമായും സി.സി.ടി.വി കാമറകള്‍ നിരീക്ഷണം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ണമായും ഇവൻറ് മാനേജ്മെൻറിനായിരിക്കും. കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കേന്ദ്ര സംസ്ഥാന സീനിയര്‍ ഓഫിസര്‍മാര്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിന് 4800 ചതുരശ്ര അടി വിസ്തൃതിയില്‍ അഞ്ചടി ഉയരത്തിലുള്ള സ്റ്റേജാണ് നിർമിക്കുന്നത്. ഇരുവശങ്ങളിലും റാമ്പുണ്ടായിരിക്കും. മരംകൊണ്ടുള്ള പ്ലാറ്റ്ഫോമില്‍ സിന്തറ്റിക് കാര്‍പറ്റ് വിരിച്ച് ആറ് ടീപോയികള്, മഹാരാജ കുഷ്യന് ചെയര്‍ എന്നിവ ഒരുക്കും.
മുന്‍വശത്ത് വിശിഷ്ടാതിഥികള്‍, ഓഹരി ഉടമകൾ, മാധ്യമ പ്രവര്‍ത്തകർ, കിയാൽ ജീവനക്കാരും കുടുംബവും, പുനരധിവാസ കുടുംബങ്ങള്‍ എന്നീ ക്രമത്തില്‍ സീറ്റുകളൊരുക്കും. ഇവര്‍ക്ക് ഒരുക്കുന്ന പ്ലാസ്റ്റിക് കസേരയുടെ നിറത്തില്‍ തന്നെയാണ് പന്തലും ഒരുക്കുക. സ്റ്റേജിനു മുന്നില്‍ ചുവന്ന പരവതാനി വിരിക്കും. രണ്ട് നിറത്തിലുള്ള പൂവുകൊണ്ട് അലങ്കരിക്കും. 30,000 വാട്സ് സൗണ്ട് സിസ്റ്റം, 14 മൈക്കുകള്‍, മൂന്ന് എൽ.ഇ.ഡി വാള്, ആറ് എച്ച്.ഡി കാമറ എന്നിവ സജ്ജീകരിക്കുന്ന സ്റ്റേജില്‍ 10 വീതം കൊമ്പ്, വാദ്യം, ചെണ്ട മേളങ്ങള്‍ അരങ്ങേറും. 12 താലപ്പൊലികളോടെയാണ് അതിഥികളെ സ്വീകരിക്കുക. ആറ് മോഹിനിയാട്ടം, രണ്ട് തെയ്യം, നാല് കഥകളി, ആറ് ഒപ്പന, ആറ് കോല്‍ക്കളി, ആറ് കളരിപ്പയറ്റ് എന്നിവക്കു പുറമെ മാര്‍ഗം കളിയും അരങ്ങേറും. 200 വി.വി.ഐ.പി, 1000 വി.ഐ.പി, 750 അതിഥികൾ, 300 ഒഫിഷ്യല്‍ എന്നിവര്‍ക്കായി വിവിധനിറത്തില്‍ എന്‍ട്രി പാസ് ഒരുക്കുന്നുണ്ട്. ചടങ്ങുകള്‍ക്ക് 37.02 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനകത്തെ ചിത്രങ്ങളില്‍ പഴശ്ശിരാജയുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീരസം പ്രകടിപ്പിച്ചതായി സൂചന. വിമാനത്താവളം ഉള്‍ക്കൊള്ളുന്ന പ്രദേശത്തിനടുത്ത് പഴശ്ശി ചരിത്രങ്ങള്‍ നിലനിൽക്കെ മലബാറിെൻറ ചരിത്രം വരച്ചുകാട്ടുന്ന ചിത്രങ്ങളില്‍ കേരളവര്‍മ പഴശ്ശിരാജയുടെ ചിത്രമില്ലാത്തതാണ് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായത്. ഇതേത്തുടർന്ന് ഉദ്ഘാടനത്തിന് മുമ്പ് പഴശ്ശിരാജയുടെ ചിത്രം സ്ഥാപിക്കാൻ മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.