'കുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല'; അന്തസിനെ ബാധിക്കുന്ന പരിശോധന നടത്തരുതെന്ന് ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികൾ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല. ഫോൺ അഡിക്ഷനിൽ നിന്നും ദുരുപയോഗത്തിൽ നിന്നും കുട്ടികളെ എങ്ങനെ മോചിപ്പിക്കാമെന്ന ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടത്. വടകരയിലെ സ്കൂളിലെ വിദ്യാർഥിയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാവ് നൽകിയ പരാതിയിലാണ് ബാലാവകാശ കമീഷന്‍റെ ഉത്തരവ്.
പരാതിക്കാരന്‍റെ മകന്‍റെ ബാഗിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ, പി.ഡി.എഫ് പ്രിന്‍റെടുക്കാനായി മകന്‍റെ കൈയിൽ താൻ ഫോൺ കൊടുത്തുവിട്ടതാണെന്ന് രക്ഷിതാവ് അറിയിച്ചു. ഭാര്യയുടെ ചികിത്സക്ക് പോകേണ്ടതിനാലാണ് പ്രിന്‍റെടുക്കാൻ മകന്‍റെ കൈവശം ഫോൺ കൊടുക്കേണ്ടിവന്നത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ഫോണിലാണുള്ളതെന്നും ഫോൺ തിരികെ നൽകണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ പ്രിൻസിപ്പൽ തയാറായില്ല. ഈ പ്രശ്നങ്ങൾ മകനെ മാനസികമായി തളർത്തിയെന്നും ഇടപെടണമെന്നും കാണിച്ചാണ് രക്ഷിതാവ് ബാലാവകാശ കമീഷനിൽ പരാതി നൽകിയത്.
മൊബൈൽ ഫോൺ തിരിച്ചുനൽകാൻ കഴിയില്ലെന്നാണ് പ്രിൻസിപ്പൽ ബാലാവകാശ കമീഷൻ ഹിയറിങ്ങിൽ പറഞ്ഞത്. സിം തിരിച്ചു നൽകിയെന്നും അറിയിച്ചു.
തുടർന്ന്, മുൻ ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറുകളും ബാലാവകാശ കമീഷൻ പരിശോധിച്ചു. പിടികൂടുന്ന മൊബൈൽ ഫോണുകൾ കണ്ടുകെട്ടാമെന്ന 2010ലെ സർക്കുലർ കാലഹരണപ്പെട്ടതാണെന്നും വിവരസാങ്കേതിക വിദ്യ വളരെയേറെ മുന്നോട്ടുപോയ ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും കമീഷൻ വിലയിരുത്തി.
കുട്ടികൾ മൊബൈൽ സ്കൂളിൽ ഉപയോഗിക്കേണ്ടതില്ല. എന്നാൽ കുട്ടികൾ മൊബൈൽ കൊണ്ടുവന്നോ എന്നറിയാനായി കുട്ടികളുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കുന്ന രീതിയിൽ പരിശോധനകൾ നടത്തരുത്. കുട്ടികൾക്ക് മൊബൈൽ സ്കൂളിൽ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാൽ ഓഫാക്കി സൂക്ഷിക്കാനുള്ള സൗകര്യം സ്കൂളധികൃതർ ഒരുക്കണമെന്നും ബാലാവകാശ കമീഷൻ വ്യക്തമാക്കി.
പരാതിക്കാരന്‍റെ മൊബൈൽ ഫോൺ മൂന്ന് ദിവസത്തിനകം തിരിച്ചുനൽകാൻ സ്കൂൾ പ്രിൻസിപ്പലിന് കമീഷൻ നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.