ഇവിടിപ്പോൾ ജാതിയാണ് സഖാവെ പ്രധാനം
text_fieldsകായംകുളം: ജന്മിത്വത്തിനും മാടമ്പിത്തത്തിനുമെതിരെ എണ്ണക്കാട് കൊട്ടാരത്തിലെ ശങ്കര നാരായണൻ തമ്പിവരെ വിപ്ലവം സംഘടിപ്പിക്കാൻ എത്തിയ വള്ളികുന്നത്ത് ചായക്കട ചർച്ചകളിൽ ന്യൂജൻ കാലത്ത് നിറഞ്ഞുനിൽക്കുന്നത് ജാതി രാഷ്ട്രീയം. ജാതി മേൽക്കോയ്മകൾക്കെതിരായ പോരാട്ടത്തിെൻറ തുടർച്ചയായാണ് 1949ൽ നാല് പൊലീസുകാർ കൊല്ലപ്പെട്ട ശൂരനാട് കലാപം നടന്നത്. ഇതിനു നേതൃപരമായി പങ്കുവഹിച്ചവരുടെ നാട്ടിൽ ജാതി രാഷ്ട്രീയം തിരികെ കൊണ്ടുവരാൻ ചില പഴയ വിപ്ലവനേതാക്കളാണ് ശ്രമിക്കുന്നത്.
'കടുവുങ്കലെ കടയിലെ' ചർച്ചകൾക്ക് വീര്യം പകർന്നത് ഇൗ വിഷയമായിരുന്നു. സ്ഥാനാർഥികളെ 'ജാതി' പറഞ്ഞ് തോൽപിക്കാൻ ചില സഖാക്കൾ രംഗത്തിറങ്ങിയെന്ന ചർച്ചയോടെയായിരുന്നു തുടക്കം. ഇത് ശരിയായില്ലെന്ന കാരണവരുടെ വർത്തമാനം കേട്ട് 'ന്യൂജൻ സഖാവ്' ഒന്ന് ഞെട്ടി. തോപ്പിൽ ഭാസിയാശാെൻറയും കാമ്പിശ്ശേരി സഖാവിെൻറയും പിൻമുറക്കാർ ഇത്രക്ക് താഴോട്ട് പോകരുതെന്നായിരുന്നു ഒരാൾ പറഞ്ഞുവെച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ വളർന്നുവന്നവർ ജാതിചിന്ത ഉണർത്തി തെരഞ്ഞെടുപ്പ് രംഗം കലക്കാനിറങ്ങിയത് ശരിയായില്ലെന്നൊരാൾ. പാർട്ടിയുടെ നേതൃപദവിയിൽനിന്നും പിന്നീട് പാർട്ടിയിൽനിന്നും പോയയാളാണേത്ര ജാതി തേടിയതെന്നായിരുന്നു മറുപടി. ഇപ്പോഴത്തെ ചില സഖാക്കൾ അറിയാതെ പെട്ടുപോയതാണെന്ന് 'ന്യൂജൻ സഖാവിെൻറ' വിശദീകരണവും വന്നു. പാർട്ടി ക്ലാസൊന്നും ഇല്ലാത്തതിെൻറ കുഴപ്പമാണ് ഇതെല്ലാമെന്ന മറുപടിയും വന്നു. മാടമ്പിമാരുടെ പ്രമാണിത്തത്തെ ചോദ്യം ചെയ്യാനിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ധീരമായ ചുവടുവെപ്പുകളാണ് കമ്യൂണിസ്റ്റ് ചരിത്രത്തിൽ വള്ളികുന്നത്തെ ഭാഗഭാക്കാക്കിയതെന്നത് ഇപ്പോഴത്തെ സഖാക്കൾ പഠിക്കണമെന്നായിരുന്നു കാരണവരുടെ പക്ഷം.
അയിത്തവും അനാചാരങ്ങളും ജന്മിത്വവാഴ്ചയും കൊടികുത്തിവാണ കാലത്താണ് വള്ളികുന്നത്തിെൻറ മണ്ണിലേക്ക് ചുവന്നപതാകകളുമായി എണ്ണക്കാട് കൊട്ടാരത്തിലെ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനും വിപ്ലവവഴിയിലേക്ക് ആളെ കൂട്ടാൻ എത്തുന്നത്. 'നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി', 'ഭഗവാൻ കാലുമാറുന്നു' തുടങ്ങിയ നാടകങ്ങൾ സംഭാവന ചെയ്ത തോപ്പിൽഭാസി, എഴുത്തുകാരനും പത്രാധിപരും നടനുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ, ശൂരനാട് സമര നായകൻ സി.കെ. കുഞ്ഞുരാമൻ, പേരൂർ മാധവൻപിള്ള, കെ.എൻ. ഗോപാലൻ, ചാലിത്തറ കുഞ്ഞച്ചൻ, തെക്കലത്തറ തേവൻ, കിടങ്ങിൽ നീലകണ്ഠൻ തുടങ്ങി ഒട്ടനവധി സഖാക്കളാണ് ഇവിടെ ഉയിർകൊണ്ടത്. എല്ലാ ജാതിക്കാരും ഇതിലുണ്ടായിരുന്നു. ജന്മികുടുംബത്തിൽനിന്നുള്ളവരായിരുന്നു മാറ്റത്തിനായി മുന്നിൽനിന്നു നയിച്ചത്.
സ്വന്തം ജീവനും ജീവിതവും സമർപ്പിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ഇവർ കെട്ടിപ്പൊക്കിയത്. തുടർന്ന് നടത്തിയ ഇടപെടലുകളാണ് 1949 ഡിസംബർ 31ലെ ശൂരനാട് സംഭവത്തിനു വഴിയൊരുക്കിയത്. പൊലീസ് മർദനത്തിൽ നിരവധി സഖാക്കൾ രക്തസാക്ഷികളായി. ഇങ്ങനെ വളർത്തിയ പാർട്ടിയുടെ തണലിൽ വളർന്നവർ വീണ്ടും ജാതിചിന്ത തിരികെ കൊണ്ടുവരാൻ രംഗത്തിറങ്ങിയത് ശരിയായില്ലെന്നായിരുന്നു ചർച്ചയുടെ കാതൽ.
'ജാതി പറഞ്ഞതിെൻറ അടിസ്ഥാനത്തിലുള്ള തോൽവി കമ്യൂണിസ്റ്റുകൾ ഏറ്റുവാങ്ങാൻ തയാറാണെന്ന് നേതാവ് ഫേസ്ബുക്കിൽ പറഞ്ഞുവെന്നും ജാതി ബ്രാൻഡിങ്ങിനു മുന്നിൽ അടിപതറാൻ തയാറല്ലെന്നുമുള്ള 'ന്യൂജൻ സഖാവിെൻറ' വിശദീകരണം കാരണവർക്ക് തിരിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ചിലതൊക്കെ പറയാനും ചോദിക്കാനുമുണ്ടെന്ന് പറഞ്ഞ് മുണ്ടും മടക്കികുത്തി 'ന്യൂജൻ' ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുന്നത് കാരണവന്മാർ ആശങ്കയോടെയാണ് നോക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.