കോൺഗ്രസ് പുനഃസംഘടന ചർച്ച വീണ്ടും ഗ്രൂപ് സമവാക്യങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാനുള്ള ഹൈകമാൻഡ് ശ്രമങ്ങൾക്കിടയിൽ കോൺഗ്രസിലെ പുനഃസംഘടന ചർച്ച വീണ്ടും ഗ്രൂപ് സമവാക്യങ്ങളിലേക്ക്. ഡി.സി.സി പ്രസിഡൻറുമാർ, കെ.പി.സി.സി ഭാരവാഹികൾ എന്നിവരെ എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുന്ന വിധത്തിലാണ് ചർച്ചകൾ.
ഈ മാസം തന്നെ ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗ്രൂപ് താൽപര്യങ്ങൾ നിർണായകമായി മാറിയത്. ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ കേരളത്തിലെ എം.പിമാരുമായി നടത്തിയ തുടർചർച്ചകളിൽ, ഗ്രൂപ് താൽപര്യങ്ങൾ മാനിക്കേണ്ടി വരുമെന്ന് സുധാകരൻ തന്നെ പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.
കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിൽ ഉമ്മൻചാണ്ടിയുടെയും എ ഗ്രൂപ്പിെൻറയും താൽപര്യങ്ങൾ മേൽകൈ നേടും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ കെ.സി. വേണുഗോപാലിെൻറയും രമേശ് ചെന്നിത്തലയുടെയും താൽപര്യങ്ങൾക്കാവും മുൻതൂക്കമെങ്കിൽ എറണാകുളത്ത് വി.ഡി. സതീശനാവും അവസാനവാക്ക് പറയുക. പാലക്കാട്, കാസർകോട്, വയനാട് ജില്ലകളിലും ഗ്രൂപ് മാനേജർമാരുടെ താൽപര്യം തന്നെ പ്രധാനം.
പ്രവർത്തകർ ആഗ്രഹിക്കുന്ന മാറ്റമോ, നിർദേശങ്ങളോ നടപ്പാക്കുന്നതിന് ഇത് തടസ്സമാവും. കെ.പി.സി.സി ഭാരവാഹി നിർണയത്തിലും ഗ്രൂപ്പുകളെ അതിജയിക്കുന്ന തീരുമാനങ്ങളിലേക്ക് കടക്കാൻ പ്രയാസപ്പെടുന്ന സ്ഥിതിയിലാണ് നേതൃത്വം. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ. സുധാകരൻ തുടങ്ങിയവരുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി കേരളത്തിലേക്കു മടങ്ങി. എന്നാൽ ചർച്ച പുരോഗമിക്കുന്ന മുറക്ക് അദ്ദേഹം വീണ്ടും ഡൽഹിയിലെത്തും. രമേശ് ചെന്നിത്തലയും ഡൽഹിയിലേക്കെത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെള്ളിയാഴ്ച ഡൽഹി ചർച്ചകളിൽ പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.