കമ്പിക്ക് 88; നിർമാണ സാമഗ്രികൾക്കെല്ലാം തീ വില; പ്രതിസന്ധി രൂക്ഷം
text_fieldsവടകര: കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടുന്ന നിർമാണമേഖലക്ക് ഇരുട്ടടിയായി കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലവർധന.
സിമന്റ്, കമ്പി, ഇലക്ട്രിക്കൽ, പ്ലംബിങ് സാമഗ്രികൾ, ജി.ഐ പൈപ്പ് എന്നിവയുടെ വില വർധനയാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 55 രൂപ ഉണ്ടായിരുന്ന ഇരുമ്പ് കമ്പിക്ക് 60 ശതമാനത്തോളമാണ് വർധന ഉണ്ടായത്. കമ്പി വില വർധിച്ച് ഇപ്പോൾ 88 ൽ എത്തി നിൽക്കുകയാണ്.
സിമന്റ് വില 380 രൂപയിൽ നിന്നും 440 രൂപയായും വർധിച്ചു. സിമന്റിന് പല വിലയും ഈടാക്കുകയാണ്. അവശ്യ വസ്തുക്കളുടെ ലഭ്യത കുറച്ച് വില വർധിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. പ്ലംബിങ്, ഇലക്ട്രിക് തുടങ്ങിയ സാധനങ്ങളുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. വില വർധന കാരണം പാവപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള ലൈഫ് പദ്ധതിയിലെ വീട് നിർമാണം പോലും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിർമാണ സാമഗ്രികളുടെ വില നിയന്ത്രണത്തിന് സർക്കാർ നടപടി സ്വീകരിച്ച് ന്യായമായ വിലക്ക് സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികൾ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് തൊഴിൽ മേഖല പതുക്കെ ഉണരുമ്പോഴാണ് വില വർധന കടുത്ത പ്രതി സന്ധിക്കിടയാക്കുന്നത്.
കോവിഡിനെ തുടർന്ന് നാടുവിട്ട ഇതര സംസ്ഥാന തൊഴിലാളികളടക്കം തിരിച്ചെത്തിയതോടെ നിർമാണ മേഖല പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിസംബറിൽ സിമന്റ് വില കുത്തനെ കുറഞ്ഞത് ആശ്വാസം നൽകിയെങ്കിലും ജനുവരിയോടെ വില കുത്തനെ കൂടുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.