സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും വിമർശനം
text_fieldsപത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങളുള്ളത്. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോടുപോലും അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യരീതിയല്ല എന്നു പറഞ്ഞാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായക്കുപോലും കോട്ടമുണ്ടാക്കുന്നു. ഘടകകക്ഷിയെന്ന പരിഗണനപോലും സി.പി.ഐക്ക് പലയിടത്തും ലഭിക്കുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം നോക്കുകുത്തിയാക്കി ഏകപക്ഷീയമായി പിൻവാതിൽ നിയമനം നടത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാറിനെപോലും നാണിപ്പിക്കുന്ന വിധത്തിലാണ് പലഘട്ടങ്ങളിലും സർക്കാറിന്റെ പ്രവർത്തനം. ഇതിന്റെ പഴി സി.പി.ഐക്കും ഏൽക്കേണ്ടിവരുന്നു.
വൺമാൻ ഷോയാക്കി ഭരണത്തെ മാറ്റാൻ ശ്രമിക്കുന്നു. വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐ കാട്ടുന്നത് ഫാഷിസ്റ്റ് സമീപനമാണ്. പലകലാലയങ്ങളിലും ഫാഷിസ്റ്റ് രീതി എ.ഐ.എസ്.എഫിന് നേരെ ഉണ്ടാകുന്നു. ജില്ലയിലെ 35 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്. ഈ സംഘങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് സി.പി.എമ്മാണ്. ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സി.പി.എമ്മിന്റെ ചില നയങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസാണ് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചത്.
കെ-റെയിൽ പദ്ധതിക്കെതിരെയും വലിയ വിമർശനം സമ്മേളനത്തിലുണ്ടായി. പദ്ധതി ധാർഷ്ട്യത്തോടെയാണ് നടപ്പാക്കാൻ ശ്രമിച്ചത്. ഇതിന് തിരിച്ചടി പലഘട്ടങ്ങളിലായി സി.പി.എം നേരിട്ടു. പലയിടത്തും സി.പി.എം കള്ളവോട്ടിലൂടെയാണ് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതെന്ന വിമർശനവും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽനിന്നുണ്ടായി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പന്ന്യൻ രവീന്ദ്രൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ, പാചകവാതക പൈപ്പ് ലൈൻ പദ്ധതികളെ പ്രശംസിച്ചു. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ച് പരാമർശിച്ചതേയില്ല. കൃഷി മന്ത്രി പി. പ്രസാദും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വേദിയിലിരിക്കെയാണ് സി.പി.എം മന്ത്രിമാർ നടപ്പാക്കുന്ന പദ്ധതികളെ മാത്രം പ്രശംസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.