മലബാർ സമരം സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗം തന്നെ -സി.പി.എം
text_fieldsതിരുവനന്തപുരം: മലബാർ സമരം സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗം തന്നെയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. മലബാർ സമരത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭഗത് സിങ്ങിനെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഉപമിച്ച് സ്പീക്കര്‍ എം.ബി രാജേഷ് നടത്തിയ പരാമര്‍ശത്തോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എ. വിജയരാഘവൻെറ വാക്കുകൾ:
വ്യത്യസ്തങ്ങളായ പ്രതിരോധ സമരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സമരങ്ങളിൽനിന്നാണ് പിന്നീട് ദേശീയ പ്രസ്ഥാനത്തിൻെറ അടിത്തറ രൂപപ്പെടുത്തിയെടുത്തത്. ആ സമരങ്ങളെ ആകെ നിരാകരിച്ചുകൊണ്ട് ഒരു സ്വാതന്ത്ര്യ സമരം എന്ന് പറയുമ്പോൾ അതിന് പരിമിതികളുണ്ടാകും. മലബാർ കലാപവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ദേശീയ സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിൻെറ ഭാഗമാണ്. അതിനെ നിരാകരിക്കാൻ താൽപര്യമുള്ള ശക്തികളും സമൂഹത്തിലുണ്ട്. ചരിത്രത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർക്ക് സ്വാഭാവികമായിട്ടും അലോസരമുണ്ടാക്കുന്നതാണ് മലബാർ കലാപത്തിൻെറ പോരാട്ട വീര്യം.
കമ്യൂണിസ്റ്റ് പാർട്ടി 1946ൽ ഇതുസംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയ എല്ലാവരും ഈ സമരത്തിൻെറ ബ്രിട്ടീഷ് വിരുദ്ധതക്കാണ് ഒന്നാം സ്ഥാനം നൽകിയത്. ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവർത്തിച്ച ജന്മിമാർക്കും നാടുവാഴികൾക്കും എതിരായാണ് സമരം രൂപപ്പെട്ടത്. ബ്രിട്ടീഷുകാരണ് ജന്മി-നാടുവാഴിത്വത്തിന് നിയമപരമായ പരിരക്ഷ നൽകിയത്. സ്വാഭാവികമായും അതിൽനിന്ന് രൂപപ്പെട്ട ഭീകരമായ ചൂഷണമുണ്ട്. സ്വാഭാവികമായും അതിനെതിരായി സമരങ്ങളും രൂപപ്പെട്ടു. ആ നിലയിൽ രൂപപ്പെട്ട സമരങ്ങളിൽ ഏറ്റവും സംഘടിത രൂപമുണ്ടായ പ്രക്ഷോഭങ്ങളിൽ ഒന്ന് എന്ന നിലയിലും ബ്രിട്ടീഷുകാർ ഏറ്റവും ക്രൂരമായി അടിച്ചമർത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാർ കലാപം വളരെയേറെ പഠന വിധേയമായ ഒന്നാണ്. അതിൽ മുൻതൂക്കം ലഭിച്ചത് എന്ന നിലയിൽ അടയാളപ്പെടുത്തിയിട്ടുള്ളത് അതിൻെറ സാമ്രാജ്യത്വ വിരുദ്ധ, ജന്മിത്വ വിരുദ്ധ, നാടുവാഴി വിരുദ്ധമായ അംശങ്ങളെയാണ്.
1921 ലാണ് മലബാർ കലാപം നടന്നത്. 1930കളിലാണ് കേരളത്തിൽ ദേശീയ പ്രസ്ഥാന വിപുലമായ ജനകീയ പ്രസ്ഥാനമായി മാറുന്നത്. സംഘടിത ദേശീയ പ്രസ്ഥാനം നാട്ടിൻപുറങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ശക്തമായ ഈ പ്രതിഷേധം തെക്കേ മലബാറിൽ നടന്നിട്ടുണ്ട്.
കേരളത്തിൻെറ പാരിസ് കമ്യൂണാണ് മലബാർ കലാപമെന്ന് എ.കെ.ജി 1946ൽ പറഞ്ഞിട്ടുണ്ട്. അതിൻെറ പേരിൽ എ.കെ.ജിയെ ജയിലിലും അടച്ചിട്ടുണ്ട്. എ.കെ.ജിയെ ജയിലിൽ അടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് വിമർശനം ഉന്നയിക്കുന്നത്.
മലബാർ കലാപത്തിൻെറ ഒരു ഘട്ടത്തിൽ ചില വർഗീയമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. അത് ആരും നിഷേധിച്ചിട്ടില്ല. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ മലബാർ കലാപത്തെ വിശകലനം ചെയ്ത് ആഹ്വാനവും താക്കീതും എന്ന മുഖക്കുറിപ്പിൽ 1946ൽ നിലപാട് സ്വീകരിച്ചത്. മലബാർ കലാപത്തിൻെറ ആഹ്വാനം എന്നത് ധീരോദാത്തമായ ബ്രിട്ടീഷ് വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ, ജൻമിത്വ വിരുദ്ധ, നാടുവാഴി വിരുദ്ധമായ പോരാട്ട വീറാണ്. എന്നാൽ, ആ സമരത്തിൻെറ സംഘടനാ രൂപങ്ങളിലെ ചില പരിമിതികൾ സമരത്തെ വർഗീയമായി നീക്കാൻ ശ്രമിച്ച ശക്തികൾക്ക് സഹായമായിട്ടുണ്ട് - വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.