സി.പി.എം കാസർകോട് ജില്ല സമ്മേളനം വെട്ടിച്ചുരുക്കി; ഇന്ന് രാത്രി അവസാനിക്കും
text_fieldsകാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം വെള്ളിയാഴ്ച രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളുടെ മണ്ണായ മടിക്കൈ അമ്പലത്തുകയിൽ പ്രത്യേകം തയാറാക്കിയ കെ. ബാലകൃഷ്ണൻ നഗറിൽ മുതിർന്ന അംഗം ടി.വി. ഗോവിന്ദൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, ഇ.പി. ജയരാജൻ, മന്ത്രി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, പി. കരുണാകരൻ എന്നിവർ പുഷ്പാർച്ചന നടത്തി. സമ്മേളനം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ കോവിഡ് കുതിച്ചുയർന്ന സാഹചര്യത്തിൽ എല്ലാ പരിപാടികളും വിലക്കി കലക്ടറുടെ ഉത്തരവിറങ്ങിയിട്ടും സി.പി.എം ജില്ല സമ്മേളനം മാറ്റിയിരുന്നില്ല. മടിക്കൈയിൽ ഞായറാഴ്ച വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.
സമ്മേളനത്തിനുള്ള ദീപശിഖ- കൊടിമര ജാഥകളെ വരവേൽക്കാൻ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ ജനാവലിയാണെത്തിയത്. ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മത-സാമുദായിക പൊതുപരിപാടികൾ വിലക്കി കലക്ടർ വ്യാഴാഴ്ച വൈകീട്ട് ഉത്തരവിറക്കിയിരുന്നു. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവെക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിവിധ പരിപാടികൾ റദ്ദാക്കി.
കഴിഞ്ഞ മൂന്നു ദിവസത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിൽ മുകളിലെത്തിയതോടെയാണ് കലക്ടറുടെ ഉത്തരവ്. വ്യാഴാഴ്ച 36.6 ആണ് കാസർകോട് ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്.
50ലധികം ആളുകൾ ഒത്തുചേരരുതെന്നാണ് കലക്ടറുടെ പ്രധാന നിർദേശം. സി.പി.എം ജില്ല സമ്മേളനത്തിൽ 185 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊതുസമ്മേളനം ഒഴിവാക്കിയെങ്കിലും ഇത്രയും പേർ ഒരുമിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയാതെ നിസ്സഹായതയിലായിരുന്നു ജില്ല ഭരണകൂടം.
ഇതിനിടയിലാണ് വെള്ളിയാഴ്ച ഹൈകോടതിയുടെ വിലക്ക് വന്നത്. കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഹൈകോടതി വിലക്കുകയായിരുന്നു. പുതിയ മാനദണ്ഡം യുക്തിസഹമാണോയെന്നും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കാസർകോട് സി.പി.എം ജില്ല സമ്മേളനം നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയെയും സംസ്ഥാന സർക്കാറിനെയും എതിർകക്ഷിയാക്കി ഹരജി സമർപ്പിച്ചത്. കാസര്‍കോട്ട് ആശുപത്രിയിലുള്ളവരുടെ എണ്ണം 36 ശതമാനംആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.