പി.കെ ശശിക്കെതിരായ ആരോപണം: സി.പിഎമ്മിന് ഇരട്ടത്താപ്പെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പൊലീസിന് കൈമാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടിയല്ല, പൊലീസാണ് അന്വേഷണം നടത്തേണ്ടത്. എം. വിൻസെൻറിനെതിരെ ആരോപണം വന്നപ്പോൾ ഇങ്ങനെയല്ലല്ലോ കൈകാര്യം ചെയ്തത്. സി.പി.എം ഇരട്ടത്താപ്പ് സ്വീകരിക്കരുതെന്നും െചന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വിദേശേത്തക്ക് പോയതോടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലച്ചുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചുമതല കൈമാറാതിരുന്നത്? മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാത്തത് കൊണ്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തിൽ ഭരണ സ്തംഭനമാണ്. സർക്കാരിൽ ഏകോപനമില്ല. മന്ത്രിമാർക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിൽ ചെലവ് ചുരുക്കുന്നതിനിടെ ദുരിതാശ്വാസ പിരിവ് എന്ന രീതിയിൽ മന്ത്രിമാരുടെ വിദേശ യാത്ര വേണോ എന്ന് ആലോചിക്കണം. മന്ത്രി കടകംപള്ളി മൂന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രക്ക് പോകുന്നു. മന്ത്രിമാർ വിദേശത്ത് പോയി പണം പിരിക്കും എന്ന് പറഞ്ഞത് ശരിയല്ല. അതിന് നിയമ തടസങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കൺസൾട്ടൻസിക്കായി ആഗോള ടെൻഡർ വിളിക്കണമായിരുന്നു. സൗജന്യമായി ചെയ്യാമെന്ന് പറഞ്ഞതിന്റെ പിറകിൽ പോയത് ശരിയായില്ലെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭാ ഉപസമിതിയിൽ ധനമന്ത്രി ഇല്ലാത്തത് ഉചിതമായില്ല. മന്ത്രിസഭ ഇന്ന് ചേരാതിരുന്നതിലും ദുരൂഹതയുണ്ട്.
പ്രളയക്കെടുതി അനുഭവിച്ചവർക്ക് നഷ്ടപരിഹാരമായി നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയ 10,000 രൂപ എല്ലാവർക്കും കിട്ടിയിട്ടില്ല. നഷ്ടപരിഹാരം നൽകുന്നവരുടെ പട്ടിക പുറത്തു വിടണം. നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യൂണൽ വേണം. വീട് നഷ്ടമായവർക്ക് വീടുവെച്ചു നൽകുന്നതിന് മുൻഗണന നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.