'കുറ്റവാളികൾ ഏതെങ്കിലും മതത്തിന്‍റെ സൃഷ്ടിയാണെന്ന വിചാരമില്ല'; മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സി.പി.എം നേതാവ്
text_fieldsമൂവാറ്റുപുഴ: സമൂഹമാധ്യമത്തിലൂടെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് സി.പി.എം നേതാവ്. താൻ രേഖപ്പെടുത്തിയ അഭിപ്രായം മുസ്ലിം മത വിഭാഗത്തെ ആകെ ക്രിമിനൽ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയിൽ ആയത് തീർത്തും തെറ്റായിപ്പോയെന്ന് സി.പി.എം നേതാവ് ഫ്രാൻസിസ് എം.ജെ പറഞ്ഞു. മാനസികമായി വിഷമം ഉണ്ടായ മുഴുവൻ പേരോടും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികൾ ഏതെങ്കിലും മതത്തിന്‍റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്" - ഫ്രാൻസിസ് എം.ജെ ഫെയിസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‌ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് എം.ജെ ഫേസ്ബുക്ക് കമന്‍റിൽ പറഞ്ഞത്. ഈ ഫേസ്ബുക്ക് കമന്‍റിന്‍റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു. ഇതോടെ നേതാവിന്‍റെ പരാമർശം തളളി വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തി. പരമാർശം സി.പി.എമ്മിന്‍റെ നിലപാടല്ലെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഫ്രാൻസിസ് എം.ജെയുടെ പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ,
ഞാൻ കഴിഞ്ഞ ദിവസം സഖാവ് കെ. ടി. ജലീൽ എം.എൽ.എയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സ. ശിവശങ്കരൻ ഷെയർ ചെയ്തതിൽ രേഖപ്പെടുത്തിയ കമൻറ് മുസ്ലീം മത വിഭാഗത്തെ ആകെ ക്രിമിനൽ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയിൽ ആയത് തീർത്തും തെറ്റായിപ്പോയി. ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവൻ പേരോടും ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു .
ജീവിതത്തിൽ ഇന്നുവരെ ഞാൻ ഉയർത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയിൽ എന്നിൽ നിന്നും ഉയർന്നുവന്ന ഈ കമൻറ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്.
ഞാൻ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികൾ ഏതെങ്കിലും മതത്തിന്‍റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാർട്ടി നിലപാടിന് വിപരീതമായ നിലയിൽ കമൻറ് വന്നതിൽ ഞാൻ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.