സി.പി.എമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്ന് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി. ബാബു
text_fieldsതിരുവനന്തപുരം: സി.പി.എം എന്ന പ്രസ്ഥാനം ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി. ബാബു. മതനിരപേക്ഷത ഇല്ലാത്ത പാർട്ടിയായി സി.പി.എം മാറി. അതാണ്, വിടാൻ കാരണം. ഇനി ബി.ജെ.പിയിലാണ് പ്രതീക്ഷ. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. രാജ്യം മോദി ഭരണത്തിന്റെ കീഴിൽ വികസനത്തിന്റെ പാതയിലാണെന്നും ബിപിൻ സി. ബാബു പറഞ്ഞു.
റെയിൽവെ വികസനം, ദേശീയ പാത വികസനം മാത്രം മതി കേന്ദ്രസർക്കാറിന്റെ വികസന പ്രവർത്തനത്തിന്റെ ഉദാഹരണമായി. ആലപ്പുഴയിലെ സി.പി.എം വിഭാഗീയത മാത്രമല്ല പാർട്ടി വിടാൻ കാരണം. ആലപ്പുഴ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഞാൻ. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരന്റെ സാറിന്റെ അവസ്ഥ നോക്കൂ. അദ്ദേഹത്തിനുപോലും പാർട്ടിയിൽ രക്ഷയില്ല.
മികച്ച മന്ത്രിയും പൊതുപ്രവർത്തകനുമായിരുന്നു ജി. സുധാകരൻ. എന്നിട്ടും പാർട്ടി പരിഗണിക്കുന്നില്ല. ആയിരക്കണക്കിന് പേർ സി.പി.എം വിടാൻ പോകുന്നതായും ബിപിൻ സി. ബാബു കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ല പഞ്ചായത്തിൽ നിന്നും രാജിവെക്കും. ഇനി മത്സരിക്കാനില്ലെന്നും ബിപിൻ സി. ബാബു പറഞ്ഞു.
ബി.ജെ.പിയിൽ വന്നത് പദവി നോക്കിയല്ല. അതൊക്കെ വന്ന് ചേരുന്നതല്ലെ. പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കും. ഞാൻ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
കുട്ടിക്കാലം മുതൽ പാർട്ടിയിൽ പ്രവർത്തിച്ച് 100കണക്കിന് കേസുകളിൽ പ്രതിയായി ജയിൽവാസം അനുഭവിച്ച്, വന്നയാളാണ്. ബി.ജെ.പി കേരളത്തിൽ വളരുകയാണ്. പാലക്കാടിലേത് ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമായി കണ്ടാൽ മതി.
പാലക്കാട് വോട്ട് കുറഞ്ഞത് , ബി.ജെ.പിക്ക് ക്ഷീണമാണെന്ന് പറയാൻ കഴിയില്ല. ഇനി കേരളത്തിൽ ബി.ജെ.പി വളരും. ഇന്നത്തെ സാഹചര്യത്തിൽ സി.പി.എമ്മിന് മുന്നോട്ട് പോകാൻ പറ്റില്ല. സി.പി.എമ്മിൽ നിന്നും തന്നെ തരം താഴ്ത്തിയത് രണ്ട് വർഷം മുൻപാണെന്നും ബിപിൻ സി. ബാബു പറഞ്ഞു. ആറു മാസം മുൻപ് പാർട്ടി തിരിച്ചെടുത്തു കഴിഞ്ഞു.
സി.പി.എമ്മിനകത്തെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിനുൾപ്പെടെ രേഖാമൂലം അറിയിച്ചതാണ്. അത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും ബിപിൻ സി. ബാബു കൂട്ടിച്ചേർത്തു. ബി.ജെ.പി നേതാക്കൾ നൽകിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപിൻ സി. ബാബുവിന്റെ മാതാവ് സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി വിടുന്ന കാര്യം അമ്മയോട് സംസാരിച്ചിട്ടില്ല. എനിക്ക് 42 വയസായി. ഒരു വീട്ടിൽ രണ്ട് രാഷ്ട്രീയമുള്ളവർ പാടില്ലെന്നുണ്ടോയെന്നാണ് ബിപിൻ സി. ബാബുവിന്റെ മാധ്യമപ്രവർത്തകരോടുള്ള മറുചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.