ചെങ്കൊടി തൊട്ടു കളിക്കണ്ട...; അൻവറിനെതിരെ നിലമ്പൂരിൽ സി.പി.എം പ്രതിഷേധം
text_fieldsനിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്ന പി.വി. അൻവർ എം.എൽ.എക്കെതിരെ നിലമ്പൂരിൽ സി.പി.എം പ്രതിഷേധം.
സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്. ‘ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും’, ‘മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടി അരിയും’... ഉൾപ്പെടെ പ്രകോപന മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കുന്നുണ്ട്.
എടക്കരയിലും അൻവറിനെതിരെ പ്രതിഷേധം പ്രകടനം നടക്കും. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിഷേധം.
സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും ജനം പിന്തുണച്ചാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.
സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫിസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ട് ഇവിടുത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുള്ള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. സാധാരണക്കാർക്കൊപ്പമാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.