ഗവർണറെ നേരിടാനുറച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ രാഷ്ട്രീയമായിതന്നെ നേരിടാൻ ഉറച്ച് സി.പി.എമ്മും സർക്കാറും. ഗവർണറുടെ നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് ഉറപ്പിച്ചാണു സി.പി.എം. 'രാജ്ഭവന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയാൽ മന്ത്രിമാരെ പിൻവലിക്കും' എന്ന ഗവർണറുടെ ഭീഷണിയെ അതേനാണയത്തിൽ നേരിടാനാണു നീക്കം. പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗവും മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഗവർണർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിമർശനങ്ങളും അതു വ്യക്തമാക്കുന്നതാണ്. ഗവർണർക്ക് ഇല്ലാത്ത അധികാരം പറഞ്ഞുള്ള മുന്നറിയിപ്പ് ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്നാണ് വിമർശനം. ഗവർണറുടെ നീക്കങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പില്ലാത്തത് സർക്കാറിനും ഇടതുമുന്നണിക്കും കൂടുതൽ കരുത്ത് പകരുന്നു. ഗവർണറെ പിന്തുണച്ച് ബി.ജെ.പി രംഗത്തുള്ളതിനാൽ ഇതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
ഗവർണർ സൃഷ്ടിക്കുന്ന ഭരണപ്രതിസന്ധി അംഗീകരിക്കാനാകില്ലെന്നാണ് 'ദേശാഭിമാനി' മുഖപ്രസംഗം. ബി.ജെ.പിയുടെ ചട്ടുകമാക്കി ഗവർണറെ ഉപയോഗിച്ചാൽ കേരളം അതിന് വഴങ്ങുമെന്ന് കരുതരുതെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്. ഒപ്പം ഗവർണറുടെ ഭീഷണി: വേണം ജനകീയ ജാഗ്രത' എന്ന അഡ്വ. കാളീശ്വരം രാജിന്റെ ലേഖനവുമുണ്ട്.
സി.പി.എമ്മും സർക്കാറും യുദ്ധപ്രഖ്യാപനം നടത്തുമ്പോഴും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയാണ് ഗവർണറുടെ നീക്കം. കരുതലോടെ തിരുത്തലും കൂട്ടിച്ചേർക്കലുമൊക്കെയായാണ് ഗവർണറുടെ ട്വീറ്റ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തം. സർക്കാറിന്റെയും സർവകലാശാലകളുടെയും വീഴ്ചകളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് ശ്രമം.
നിർണായക ബില്ലുകൾ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തത് ഭരണപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിലും ഗവർണർ അതൃപ്തനാണ്. യാത്രാ വിശദാംശങ്ങൾ അറിയിക്കാത്തതിലാണ് ഇത്. സാധാരണഗതിയിൽ യാത്ര പോകുംമുമ്പ് മുഖ്യമന്ത്രി കാര്യങ്ങൾ ഗവർണറെ ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ട്. അതൊന്നും ഇക്കുറി പാലിച്ചില്ല. സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഗവർണർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പരസ്യപ്രതികരണം തുടരുന്നത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയേക്കും.
പരോക്ഷ വിമർശനവുമായി മന്ത്രിമാർ
തിരുവനന്തപുരം: ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മന്ത്രിമാർ. ഉന്നത വിദ്യഭ്യാസ മേഖലയെ വിവാദ കലുഷിതമാക്കി നിലനിർത്താൻ നിക്ഷിപ്ത താൽപര്യകേന്ദ്രങ്ങൾ ശ്രമിക്കുന്നെന്ന് മന്ത്രി ആർ. ബിന്ദു. വിവാദങ്ങൾ അവഗണിക്കണം. ആരുടെയും പേര് പറയാതെയാണ് മന്ത്രിയുടെ വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റമുണ്ടാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായ പ്രതിഫലനങ്ങൾ കണ്ടുവരുന്നു. ലക്ഷ്യത്തിലെത്തുകയാണ് പ്രധാനം. -കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
യു.പി പോലുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കുക പ്രയാസമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഇതേ ചടങ്ങിൽ പറഞ്ഞു. ബനാറസ് സർവകലാശാലയിൽ വൈസ് ചാർസലറുടെ സെക്യൂരിറ്റി അഞ്ച് കുട്ടികളെ വെടിവെച്ച് കൊന്നിരുന്നു. അന്ന് എം.പിയായിരുന്ന താൻ അവിടെ പോയി. വൈസ് ചാൻസലർക്ക് 50 മുതൽ 100 വരെ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. അവിടെ പല സർവകലാശാലകളിലും അതാണ് സ്ഥിതി- ബാലഗോപാൽ പറഞ്ഞു.
ഗവർണറുൾപ്പെടെ എല്ലാവർക്കും ഇന്ത്യൻ ഭരണഘടന ബാധകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി കണ്ണൂരിൽ പറഞ്ഞു. ആരും വിമർശനത്തിന് അതീതരല്ല. വിമർശനവും സ്വയംവിമർശനവും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. മറ്റൊരിടത്തുമില്ലാത്ത കാര്യമാണ് കേരളത്തിൽ നടക്കുന്നത്. ഗവർണറുടെ പ്രസ്താവന സംബന്ധിച്ച് സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് മന്ത്രിമാരുടെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.