ഗവർണറുടെ 'രാഷ്ട്രീയം' ദേശീയതലത്തിലും ഉയർത്തിക്കാട്ടാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ 'രാഷ്ട്രീയം' ദേശീയതലത്തിലും ഉയർത്തി ശക്തമായ പ്രചാരണത്തിന് സി.പി.എം. ഗവർണറെ തിരികെ വിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. യു.ഡി.എഫ് പിന്തുണക്കായുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലേക്ക് നിയമസഭയിൽ പ്രതിപക്ഷത്തെ എത്തിക്കാൻ സാധിച്ചതും വിജയമായി സി.പി.എം കാണുന്നു. ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ഗവർണർ കത്തെഴുതിയെന്ന പ്രചാരണത്തിലൂടെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് സി.പി.എം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി നിയമിച്ച ഗവർണർമാരുടെ നിലപാടിനെതിരെ സർക്കാറുകൾ പ്രതിരോധം തീർക്കുമ്പോൾ കേരളത്തിന്റെ ശബ്ദവും ദേശീയതലത്തിൽ ഉയർത്താനാണ് ശ്രമം.
ഗവർണറെ ചാൻസലർ സ്ഥാനത്ത് ഇരുത്തില്ലെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിനോട് ആദ്യം പൂർണമായി സഹകരിക്കാതിരുന്ന പ്രതിപക്ഷം നിയമസഭയിൽ ഏറക്കുറെ പിന്തുണക്കുന്നതാണ് കണ്ടത്. ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ആർജിക്കാൻ സാധിച്ചാൽ ഗുണകരമാകുമെന്നും സി.പി.എം വിലയിരുത്തുന്നു.
വിഴിഞ്ഞം സമരം ഒത്തുതീർപ്പായതും സി.പി.എമ്മിന് ആശ്വാസമാണ്. വിഴിഞ്ഞം വിഷയത്തിലും ഗവർണർ സർക്കാറിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെന്ന പരാതി സി.പി.എമ്മിനുണ്ട്. വിഴിഞ്ഞത്ത് ക്രമസമാധാനപാലന വിഷയത്തിൽ സർക്കാറിനെ വിമർശിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.