കുറുപ്പിനെത്തേടി ക്രൈംബ്രാഞ്ച് ഹരിദ്വാറിലേക്ക്
text_fieldsപത്തനംതിട്ട: വർഷങ്ങൾക്കുമുമ്പ് നടന്ന ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെത്തേടിയുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്. പത്തനംതിട്ട ബിവറേജസ് ഷോപ് മാനേജർ വെട്ടിപ്പുറം സ്വദേശി റെൻസിം ഇസ്മായിൽ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഹരിദ്വാർ കേന്ദ്രീകരിച്ച് നടത്താനാണ് നീക്കം. ഇതിനായി ക്രൈംബ്രാഞ്ച് സംഘം ഉടൻ അവിടേക്ക് തിരിക്കും.
റെൻസിം ജനുവരി 5ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ആലപ്പുഴയിൽനിന്നും സി. ഐ. ന്യൂമാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയിൽ എത്തി റെൻസീമിന്റെ മൊഴിയെടുത്തിരുന്നു. ഇതിനിടെ ചെറിയനാട്ടുള്ള കുറുപ്പിന്റെ അയൽവാസിയും സ്വാമിയുടെ ചിത്രംകണ്ട് ഇത് കുറുപ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
2005-2007 കാലഘട്ടത്തിൽ റെൻസിം അധ്യാപകനായി ഗുജറാത്തിലെ ഈഡറിൽ ജോലി ചെയ്യവെയാണ് അടുത്തുള്ള ആശ്രമത്തിലെ സന്യാസി ശങ്കര ഗിരിഗിരിയെ പരിചയപ്പെടുന്നത്. അവധിക്ക് നാട്ടിൽവന്നപ്പോഴാണ് സുകുമാരക്കുറുപ്പിന്റെ ഫോട്ടോകാണുന്നതും താൻ കണ്ടത് അയാൾ തന്നെയായിരുന്നുവെന്നും മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഈഡർ എന്ന സ്ഥലത്തുനിന്നും സ്വാമി പോയിരുന്നു. ഈ വിവരം പൊലീസിൽ അന്ന് അറിയിച്ചതാണെങ്കിലും ആരും കാര്യമാക്കിയില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്ര വിവരണങ്ങൾ അടങ്ങിയ ഒരു ട്രാവൽവ്ലോഗിലും ഈ സ്വാമിയെ കണ്ടതോടെയാണ് സംശയം വർധിച്ചത്.
കുറുപ്പ് ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും രൂപ മാറ്റം വരുത്തി രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്. ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ നമ്പർ കണ്ടെത്തിയും അന്വേഷണം വ്യാപിപ്പിക്കും. കുറുപ്പ് ആണെങ്കിലും അല്ലെങ്കിലും റെൻസീം പറഞ്ഞ സ്വാമിയെ കണ്ടെത്തേണ്ടതുണ്ട്. സ്വാമി അറബി ഉൾപ്പെടെ വിവിധ ഭാഷകൾ നന്നായി സംസാരിച്ചിരുന്നതായി റെൻസിം പറയുന്നു. ഭാര്യയും മക്കളും ഒരു വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് താൻ സന്യാസത്തിലേക്ക് തിരിഞ്ഞതെന്നും സ്വാമി പറയുകയുണ്ടായത്രേ. കേരളത്തിൽ എത് ജില്ലക്കാരനാണെന്ന് മാത്രം പറഞ്ഞില്ല. കുറെ നാൾ തമിഴ്നാട്ടിലും ഉണ്ടായിരുന്നതായി പറഞ്ഞു.
എന്നും ആൾമാറാട്ടം നടത്തി രക്ഷപ്പെടുന്നതിൽ വിദഗ്ധനായിരുന്നു കുറുപ്പ്. പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേർന്ന് അവിടെനിന്ന് അവധിയെടുത്ത് മുങ്ങിയ ഗോപാലകൃഷ്ണക്കുറുപ്പ് സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്ക് റിപ്പോർട്ട് അയപ്പിച്ചതോടെയാണ് സുകുമാരക്കുറുപ്പ് എന്ന പുതിയ പേരിലേക്ക് മാറിയത്. പിന്നീട് അബൂദബിയിലേക്ക് പോകാൻ പാസ്പോർട്ട് എടുത്തത് സുകുമാരപിള്ള എന്ന പേരിലായിരുന്നു.
എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് മുംബൈയിൽ കണ്ടുമുട്ടിയ നാട്ടുകാരിയായ സരസ്സമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ട് ചുട്ടുകൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്നും ഇൻഷുറൻസ് പണം തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.