സൈക്കിൾ യജ്ഞ ചരിത്രത്തിലേക്കൊരു നാടകം
text_fieldsകോഴിക്കോട്: ഒരു കാലത്ത് കേരളത്തിെൻറ ഗ്രാമീണ പൊതു ഇടങ്ങളെ ആസ്വാദനത്തിെൻറ പുതിയ ലോകങ്ങൾ കാണിച്ച സൈക്കിൾ യജ്ഞക്കാരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശി ഒരു നാടകം. മലബാർ ക്രിസ്ത്യൻ കോളജിൽ ആരംഭിച്ച പേപ്പർ ബോട്ട് തിയറ്റർ കാർണിവലിെൻറ ആദ്യ ദിനത്തിലെ നാടകം ‘ചരിത്രപുസ്തകത്തിലേക്ക് ഒരേട്’ സൈക്കിൾ അഭ്യാസികളുടെ സുവർണകാലത്തെ അടയാളപ്പെടുത്തുകയാണ്.
ഒരു ഗ്രാമം മുഴുവൻ സന്ധ്യാനേരങ്ങളിൽ സൈക്കിൾ യജ്ഞക്കാരുടെ അഭ്യാസങ്ങൾ കാണാനെത്തുമായിരുന്നു. ഒരുപറ്റം കലാകാരന്മാർ കാലം പുരോഗമിക്കുേമ്പാൾ അതിജീവനം അസാധ്യമാവുന്നതു കണ്ട് നിസ്സഹായരാവുന്ന കാഴ്ചയാണ് നാടകം കാണിക്കുന്നത്.
1960കളിൽ ഗ്രാമീണ കേരളത്തിെൻറ സന്ധ്യകളെ ചടുലമായ അഭ്യാസങ്ങൾകൊണ്ട് ജീവസ്സുറ്റതാക്കിയ കൊച്ചന്തോണിയുടെയും സംഘത്തിെൻറയും ജീവിതങ്ങളിലൂടെയാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകം മുന്നോട്ടുപോവുന്നത്. ഒടുവിൽ മരണയജ്ഞത്തിലൂടെ ജീവിതം സ്വയം അവസാനിപ്പിക്കുന്ന അന്തോണിയുടെ മൃതദേഹവുമായി കൂടെയുള്ളവർ നിസ്സഹായരായി നടന്നുനീങ്ങുകയാണ്.
മൺമറഞ്ഞ കലാരൂപത്തെ ഗൃഹാതുരത്വത്തോടെ ദൃശ്യവത്കരിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ ദുരിതങ്ങൾ, സാധാരണക്കാരോടുള്ള പൊലീസിെൻറ മനോഭാവം, ജാതിവ്യവസ്ഥ തുടങ്ങിയവയെല്ലാം ഗൗരവം വിടാതെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. തൃശൂർ ഇൻവിസിബ്ൾ ലൈറ്റിങ് സൊലൂഷ്യൻസ് തിയറ്റർ ഗ്രൂപിനു കീഴിൽ ജോസ് കോശിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
ടി.വി. കൊച്ചുബാവയുടെ ഉപന്യാസം എന്ന കഥയെ അടിസ്ഥാനമാക്കി ജെയിംസ് ഏലിയയാണ് രചന നിർവഹിച്ചിരിക്കുന്നത്. തുഷാര, ജോസ് പി. റാഫേൽ, ജെയിംസ് ഏലിയ, സുധി വട്ടപ്പിന്നി, മല്ലു പി. ശേഖർ, അഖിലേഷ്, രാംകുമാർ, വിനോദ് ഗാന്ധി, സുനിൽ അവനൂർ, നിഖിൽദാസ് എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്. വ്യാഴാഴ്ച തിയറ്റർ കാർണിവലിൽ തീയൂർ രേഖകൾ നാടകം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.