പരിപാടിക്ക് വിളിച്ച ശേഷം അറിയിക്കാതെ ക്യാൻസൽ ചെയ്തു, തന്‍റെ ധാർമിക മൂല്യങ്ങൾ ചോദ്യം ചെയ്തു; ഫാറൂഖ് കോളേജിനെതിരെ നിയമനടപടിക്കെന്ന് സംവിധായകൻ ജിയോ ബേബി
text_fieldsകോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്റിൽ നിന്നും വിദ്യാർഥി യൂനിയനിൽ നിന്നും നേരിട്ട മോശം അനുഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകൻ ജിയോ ബേബി. കോളേജിലെ പരിപാടിയ്ക്ക് തന്നെ അതിഥിയായി വിളിച്ചിരുന്നെന്നും എന്നാൽ മുൻകൂട്ടി അറിയിക്കാതെ ക്യാൻസൽ ചെയ്തെന്നുമാണ് ജിയോ ബേബി പറയുന്നത്. പരിപാടി ക്യാൻസൽ ചെയ്യാൻ കാരണം തന്‍റെ ധാർമിക മൂല്യങ്ങളാണെന്ന മറുപടിയാണ് കോളജ് യൂനിയൻ നൽകിയതെന്നും ജിയോ ബേബി പറയുന്നു.
സോഷ്യൽമീഡിയിൽ പങ്കുവച്ച വിഡിയോയിലാണ് സംവിധയകൻ തന്‍റെ അനുഭവങ്ങൾ പങ്കുവച്ചത്. പരിപാടിയുടെ ദിവസം കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി ക്യാൻസൽ ആയ വിവരം അറിയിച്ചതെന്നും എന്താണ് പരിപാടി ക്യാൻസൽ ചെയ്യാൻ കാരണമെന്ന് അന്വേഷിച്ചപ്പോൾ, തന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാലാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജിയോ ബേബി പറയുന്നു.
‘ഡിസംബർ അഞ്ചിന് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയ്ക്ക് എന്നെ അവർ ക്ഷണിച്ചിരുന്നു. ഞാൻ അതിനായി അഞ്ചാം തീയതി കോഴിക്കോട് എത്തി. അവിടെ എത്തിയപ്പോഴാണ് ഞാനറിയുന്നത് പരിപാടി അവർ ക്യാൻസൽ ചെയ്തെന്ന്. എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ വ്യക്തമായ കാരണം മനസ്സിലായില്ല’.
‘കാരണം അന്വേഷിച്ച് ഞാൻ പ്രിൻസിപ്പലിനു മെയിലിലും വാട്സ് ആപ്പിലും മെസേജ് അയച്ചു. അതിനു ഇതുവരെ മറുപടി വന്നില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജ് സ്റ്റുഡന്റ് യൂനിയന്റെ ഒരു കത്ത് എനിക്കു ലഭിക്കുകയുണ്ടായി. ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരിപാടിയ്ക്ക് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ് എന്നാണ് കത്തിൽ പറയുന്നത്. എന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ് യൂനിയൻ പറയുന്നത്’-ജിയോ ബേബി പറയുന്നു.
‘ഈ പ്രോഗ്രാമിനുവേണ്ടി ഒരു ദിവസം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതിലുപരി ഞാൻ അപമാനിതനായിട്ടുണ്ട്. അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്'- ജിയോ ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.