സർവിസ് കാര്യങ്ങളിൽ തീർപ്പ് കൽപിക്കാൻ ഭിന്നശേഷി കമീഷന് അധികാരമില്ല -ഹൈകോടതി
text_fieldsകൊച്ചി: സർവിസ് കാര്യങ്ങളിൽ തീർപ്പ് കൽപിക്കാനും നിയമനത്തിന് നിർദേശം നൽകാനും സംസ്ഥാന ഭിന്നശേഷി കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്‍റ് ഗ്രേഡ് - രണ്ട് തസ്തികയിൽ കേൾവി വൈകല്യമുള്ള ഉദ്യോഗാർഥിക്ക് നിയമനം നൽകണമെന്ന ഭിന്നശേഷി കമീഷൻ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്.
സർക്കാർ സർവിസിലെ നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് അർഹതയുള്ള ബാക്ക് ലോഗ് നികത്താൻ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ലീഗൽ അസിസ്റ്റന്‍റ് നിയമനത്തിന് പി.എസ്.സി തയാറാക്കിയ സപ്ലിമെന്‍ററി ലിസ്റ്റിൽ രണ്ടാം റാങ്കുള്ള തനിക്ക് നിയമനം നൽകിയില്ലെന്ന് ആരോപിച്ച് ആലുവ സ്വദേശിനിയായ ഉദ്യോഗാർഥി നൽകിയ ഹരജിയിൽ ഇവർക്ക് അഡ്വൈസ് മെമ്മോ നൽകാനും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കാനും ഭിന്നശേഷി കമീഷൻ പി.എസ്.സിക്ക് നിർദേശം നൽകി. ഇത്തരത്തിൽ നികത്തേണ്ട ഒഴിവുകൾ നിയമ സെക്രട്ടറി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും 2022 ജൂൺ 30ലെ ഉത്തരവിൽ കമീഷൻ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി കമീഷന്‍റെ ഈ നിർദേശങ്ങൾ നിയമപരമല്ലെന്നും ഇതിന് കമീഷന് അധികാരമില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വാദം. ഇത് അംഗീകരിച്ച കോടതി ഭിന്നശേഷി വിഭാഗക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കമീഷന് ഇത്തരത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. നിയമപ്രകാരം ശിപാർശയോ ഉപദേശമോ നൽകാനേ ഭിന്നശേഷി കമീഷന് അധികാരമുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിൽ നിയമനം നൽകണമെന്ന് ഉത്തരവിടാനാവില്ല.
ഉദ്യോഗാർഥിക്ക് നിയമനം നൽകാനുള്ള കമീഷൻ ഉത്തരവ് അധികാരപരിധി കടന്നുള്ളതായതിനാൽ നിയമപരമായി നിലനിൽക്കില്ല. സർക്കാർ സർവിസിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലുകളാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി കമീഷൻ ഉത്തരവ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.