കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അസ്വസ്ഥത; രക്തസ്രാവത്തെത്തുടർന്ന് ഗർഭിണി മരിച്ചു
text_fieldsകാഞ്ഞിരപ്പള്ളി (കോട്ടയം): കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ തൈപറമ്പിൽ മാത്യു-മോളമ്മ ദമ്പതികളുടെ മകൾ മഹിമ മാത്യുവാണ് (31) മരിച്ചത്. തലക്കുള്ളിലെ രക്തസ്രാവവും കോവിഡ് വാക്സിനേഷനുമാവാം മരണകാരണമെന്നാണ് പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ തയാറാക്കിയ മരണറിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുള്ളത്.
ഈ മാസം ഒമ്പതിന് മരങ്ങാട്ടുപിള്ളി സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിനെടുത്ത മഹിമക്ക് തൊട്ടടുത്ത ദിവസങ്ങളിൽ അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് 15ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷമേ കൂടുതൽ വിവരം അറിയാനാവൂവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സജിമോൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചതിെൻറ ഫലംകൂടി ലഭിക്കേണ്ടതുണ്ട്.
നാലുമാസം മുമ്പ് വിവാഹിതയായ മഹിമ രണ്ടുമാസം ഗർഭിണിയായിരുന്നു. എം.എസ്.ഡബ്ല്യു കോഴ്സ് പഠനം പൂർത്തീകരിച്ച മഹിമ കാനഡക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ജന്മനാ ഇടതുകാൽ ഇല്ലാത്ത മഹിമ പഠനത്തിലും കലാരംഗത്തും മുന്നിലായിരുന്നു.
ഒറ്റക്കാലിൽ നൃത്തം ചെയ്ത് സംസ്ഥാനതലത്തിൽ വിജയിയാണ്. പടിഞ്ഞാറ്റുകര കാഞ്ഞിരത്തുങ്കൽ രഞ്ജിത്താണ് ഭർത്താവ്. സഹോദരി: ലിന മാത്യു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തിടനാട് പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.