തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വിവേചനാധികാരം ഹനിക്കപ്പെടുന്നു - പി.എസ് പ്രശാന്ത്
text_fieldsശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വിവേചനാധികാരം പലപ്പോഴും ഹനിക്കപ്പെടുന്നതായി ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. സന്നിധാനത്തെ അരവണ പ്ലാന്റിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ബോർഡിൻ്റെ നിർദ്ദേശങ്ങൾക്ക് ചില കോണുകളിൽ നിന്നും എതിർപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസിഡൻ്റിൻ്റെ പ്രതികരണം. ശബരിമല സന്നിധാനത്ത് 'മാധ്യമ'ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അടക്കം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കേണ്ട ചുമതല ദേവസ്വം ബോർഡിനാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങളിൽ അനിയന്ത്രിതമായ ബാഹ്യ ഇടപെടലുകൾ വികസനത്തിനും ക്ഷേത്രങ്ങളുടെ നിത്യ നിദാനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നതായും ഇത് ശുഭകരമാണോ എന്നത് ബന്ധപ്പെട്ടവർ ചിന്തിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിൽ മുൻ വർഷം അടക്കം പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിലാണ് അരവണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്ലാൻ്റ് വിപുലപ്പെടുത്തുവാൻ ബോർഡ് തീരുമാനിച്ചത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനാണ് ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലം നിലവിൽ തടസ്സം നേരിടുന്നത്. ഭക്തർക്ക് ആവശ്യാനുസരണം അരവണ ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ പഴി കേൾക്കേണ്ടിവരുന്നത് ദേവസ്വം ബോർഡ് ആണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
ശബരിമലയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന മാസ്റ്റർ പ്ലാൻ പദ്ധതിയുടെ നിർണായക ചുമതല ദേവസ്വം ബോർഡിന് ആണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ്, ദേവസ്വം കമ്മീഷണർ, ബോർഡ് അംഗങ്ങൾ, ബോർഡിൻറെ കീഴിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവർ മാസ്റ്റർ പ്ലാൻ സമിതിയിലെ അംഗങ്ങളാണ്. മാസ്റ്റർ പ്ലാൻ കമ്മിറ്റി തീരുമാനിക്കുന്ന പദ്ധതികളുടെ വേഗത്തിലുള്ള പൂർത്തീകരണത്തിനാണ് കേന്ദ്ര - സംസ്ഥാന സർക്കാർ പ്രതിനിധികളെയും സുപ്രിം കോടതിയും ഹൈക്കോടതിയും നിശ്ചയിക്കുന്ന അംഗങ്ങളെയും നിയോഗിച്ചിട്ടുള്ളത്. എന്നിരുന്നാലും അടിയന്തര സാഹചര്യങ്ങളിൽ ദേവസ്വം ബോർഡ് കൈക്കൊള്ളുന്ന നിർണായക തീരുമാനങ്ങളിൽ ബാഹ്യ ഇടപെടലുകൾ അനിയന്ത്രിതമാകുന്നതിന്റെ അവസാന ഉദാഹരണമാണ് അരവണ പ്ലാൻറ് നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളതെന്നും പ്രസിഡൻ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.