ഇനി വെള്ളക്കെട്ടിനെ പേടിക്കേണ്ട; ഇത് ഉദയ കോളനിയിലെ പുതിയ സൂര്യോദയം
text_fieldsകൊച്ചി: ഒരു ചെറിയ മഴപെയ്താൽ, കടലിൽ വേലിയേറ്റം തുടങ്ങിയാൽ കൊച്ചി നഗരത്തിെൻറ ഹൃദയഭാഗത്തുള്ള ഉദയ കോളനിയിലെ കുടുംബങ്ങളുടെ നെഞ്ചിടിപ്പുയരും. കാരണം, ആ ചെറിയ മഴയും വേലിയേറ്റവുമെല്ലാം ഈ കോളനിയിലെ വീടുകളെ അഴുക്കും മാലിന്യവും നിറഞ്ഞ വെള്ളക്കെട്ടിലാഴ്ത്തുമായിരുന്നു. എന്നാലിനി ഇവിടുത്തെ പകുതിയോളം വീട്ടുകാർക്ക് വെള്ളക്കെട്ടിനെ ഭയക്കേണ്ട. പ്രത്യേകം പൊക്കി കെട്ടിയുണ്ടാക്കിയ വീടുകളിൽ അവരിൽ പലരും പുതിയ ജീവിതം കെട്ടിപ്പടുത്തുതുടങ്ങി. മറ്റു ചിലരാവട്ടെ, തങ്ങളുടെ സ്വപ്നഭവനം ഉയരുന്നതും കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ്.
കൊച്ചിയിൽ വർഷങ്ങളായി വെള്ളക്കെട്ട് ഭീഷണിയുള്ള പ്രദേശങ്ങളിലൊന്നാണ് ഉദയ കോളനി. 120 കുടുംബങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ. ഇതിൽ 60ഓളം കുടുംബങ്ങൾക്കാണ് പി.എം.എ.ൈവ പദ്ധതിയിലൂടെ പുതിയ വീടായത്. 25ലധികം പേർ ഇതിനകം താമസം തുടങ്ങി. 30ഓളം വീടുകളുടെ നിർമാണം പൂർത്തിയാകുകയോ പുരോഗമിക്കുന്നവയോ ആണ്.
ഓരോ കുടുംബങ്ങൾക്കും നാലു ലക്ഷം രൂപയാണ് പി.എം.എ.വൈ പദ്ധതി പ്രകാരം കോർപറേഷൻ മുഖേന ലഭിച്ചത്. കൂടാതെ ആധാരം പണയംവെച്ചും മറ്റും മൂന്നോ നാലോ ലക്ഷം രൂപ സ്വരൂപിച്ചു, ഒപ്പം കോളനിയിൽ തന്നെയുള്ള എസ്.ഡി കോൺവെൻറിലെ മദർ സുപ്പീരിയർ അനീഷ മുൻകൈയെടുത്ത് സുമനസ്സുകളിൽനിന്നും സംഘടനകളിൽനിന്നും സമാഹരിച്ച രണ്ടു ലക്ഷം രൂപ വീതവും ചേർത്താണ് സ്വപ്നവീട് പണിതുയർത്തിയത്. ഇപ്രകാരം ഒമ്പതോ പത്തോ ലക്ഷം രൂപ ചെലവഴിച്ച് മുക്കാൽ സെൻറിൽ രണ്ടുനില വീടുകളാണ് ഏറെ പേരും നിർമിച്ചത്.
സാധാരണഗതിയിൽ രണ്ടടിയോളം വെള്ളം പൊങ്ങുന്നതിനാൽ ഇതിനെ പ്രതിരോധിക്കാൻ അഞ്ചടിയോളം ഉയരത്തിലാണ് അടിത്തറ കെട്ടിയത്. പുതിയ വീട്ടിലേക്ക് താമസം മാറിയ ശേഷം വീട്ടിലേക്ക് വെള്ളം കയറിയിട്ടില്ലെന്ന് പൊതുപ്രവർത്തകൻ കൂടിയായ കുന്നേപ്പറമ്പിൽ അജയ്കുമാർ പറയുന്നു. താഴത്തെ നിലയിൽ വരാന്ത, ഹാൾ, അടുക്കള, ബാത്ത് റൂം, മുകൾ നിലയിൽ രണ്ട് കിടപ്പുമുറി, ബാത്ത് റൂം എന്നിവ അടങ്ങിയതാണ് ഇദ്ദേഹത്തിെൻറ വീട്. കഴിഞ്ഞ ദിവസവും ഇവിടുത്തെ ഒരു കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി.
നാല് പതിറ്റാണ്ടോളം നീണ്ട ദുരിതകാലത്തിനാണ് 60ഓളം കുടുംബങ്ങൾക്ക് അറുതിയാത്.ഫണ്ട് പാസായിട്ടും സാങ്കേതികത്വത്തിെൻറ പേരിൽ പുതിയ വീട് നിർമിക്കാനാകാതെ ദുരിതം അനുഭവിക്കുന്നവരും കോളനിയിലുണ്ട്. ഏകദേശം അമ്പതോളം കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയവരുടെ പേരിലുള്ള പട്ടയം നിലവിലുള്ളവരുടെ പേരിലേക്ക് മാറ്റാനാവാത്തതാണ് പ്രശ്നം.
ലോട്ടറി വിൽപനക്കാരിയായ ശ്രീദേവിയും ശാരീരിക അവശതകളുള്ള ഭർത്താവ് ബാലനും ഇത്തരത്തിൽ നിയമതടസ്സം മൂലം ഇന്നും ഇടിഞ്ഞുപൊളിയാറായ വീട്ടിൽ കഴിയുകയാണ്. തുക പാസായിട്ടുണ്ടെങ്കിലും വായ്പ എടുക്കാനും മറ്റും നിവൃത്തിയില്ലാത്തതിനാൽ നിസ്സഹായത അനുഭവിക്കുന്ന വീട്ടുകാരും കോളനിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.