നാടക നടൻ ചൊവ്വര ബഷീർ അന്തരിച്ചു
text_fieldsകാലടി: നാല് പതിറ്റാണ്ട് നാടക വേദിയിൽ നിറഞ്ഞാടിയ നടൻ ചൊവ്വര ബഷീർ (62) അന്തരിച്ചു. ബുധൻ രാവിലെ ചൊവ്വരയിലെ വീട്ടീൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ച് നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തിനിടെ 3000 ത്തിലധികം വേദികളിൽ നിറഞ്ഞാടിയയാണ് ബഷീർ യാത്രയാകുന്നത്.
അമേച്ച്വർ നാടകത്തിലൂടെ പ്രൊഫഷണൽ നാടകത്തിലെത്തിയെ ബഷീർ 1981ൽ അങ്കമാലി പൗർണ്ണമിയുടെ തീർത്ഥാടനം എന്ന നാടകത്തിലൂടെ രംഗത്തെത്തി. തുടർന്ന് ശ്രീമൂലനഗരം മോഹൻ രചിച്ച് ആലുവ യവനിക അവതരിപ്പിച്ച അഷ്ടബന്ധത്തിലും അഭിനയിച്ചു. തുടർന്ന് കാഞ്ഞൂർ പ്രഭാത് തിയ്യറ്റേഴ്സിന് വേണ്ടി ശ്രീമൂലനഗരം മോഹൻ രചിച്ച അഴിമുഖത്തിലും വേഷമിട്ടു. തുടർച്ചയായി കേരളത്തിൽ മൂന്ന് വർഷം അവതരിപ്പിച്ച നാടകമായിരുന്നു അഴിമുഖം.
കാലടി തിയറ്റേഴ്സ്, കേരള തിയറ്റേഴ്സ്, അങ്കമാലി തിയറ്റേഴ്സ് എന്നീ നാടക സമിതികളിലും വേഷമിട്ടു. 1985 ൽ കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്സ് മൂന്ന് വർഷം കേരളം മുഴവൻ ഉത്സവ പറമ്പുകളെ ഹരം കൊള്ളിച്ച അഴിമുഖം 2019 ൽ വീണ്ടും അവതരിപ്പിച്ചപ്പോഴും അന്ന് ചെയ്ത വേഷം ബഷീർ തന്നെ അവതരിപ്പിച്ച് കൈയടി നേടി.
എഴുത്തുകാരും സംവിധായകരുമായ ശ്രീ മൂലനഗരം വിജയൻ, മൂലനഗരം മോഹൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരുടെ രചനകളിലാണ് കൂടുതൽ വേഷമിട്ടത്. ചില സിനിമകളിലും അഭിനയിച്ചു. കേരളം മുഴുവനും കറങ്ങി ഏറെക്കാലം ഒറ്റയാൾ നാടകം അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കാവൽക്കാരനും, ജന്മദിനവും അവതരിപ്പിച്ചു വരികയായിരുന്നു.
കളമശ്ശേരി എച്ച്.എം.ടിയിലെ ജീവക്കാരനായിരുന്നു. 2019 ൽ വിരമിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.