കണ്ടത് തേനൂറൂം നാടകങ്ങൾ
text_fieldsതൃശൂർ: റീജനൽ തിയറ്ററിലേക്കൊഴുകിയ കാണികൾ ഏകകണ്ഠമായി സാക്ഷ്യപ്പെടുത്തുന്നു- മലയാള നാടകം പുതു നാമ്പുകളിൽ സുരക്ഷിതം. ഉൾക്കാമ്പുള്ള നാടകങ്ങളും വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളും സമ്മാനിച്ചാണ് ഓരോ അവതരണത്തിനും തിരശ്ശീല വീണത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ അപ്പീലുകളടക്കം 32 നാടകങ്ങളുടെ അവതരണമാണ് പുരോഗമിക്കുന്നത്. നാടക മത്സരം തീരാൻ ഇന്ന് ഉച്ചയാകും. സഭാതർക്കത്തിൽ മനംനൊന്ത് പള്ളി വിട്ടിറങ്ങിയ യേശു രണ്ടു മദ്യപരെ കണ്ടുമുട്ടുന്നത് വിഷയമാക്കി പെരിങ്ങോട് ഹൈസ്കൂൾ അവതരിപ്പിച്ച ‘ഒറ്റുകൊടുക്കപ്പെട്ടവർ അഥവാ ഒറ്റപ്പെട്ടവർ’ എന്ന നാടകമാണ് ആദ്യം ൈകയടി നേടിയത്. വ്യാജവാറ്റുകാരൻ ആൾദൈവമായി മാറുന്നതും അതുവഴി കാടും വിഭവങ്ങളും കൊള്ളയടിക്കപ്പെടുന്നതുമാണ് ആട്ടത്തിരുവിളയാട്ടം നാടകത്തിെൻറ കേന്ദ്ര പ്രമേയം. ആവിഷ്കാരസ്വാതന്ത്ര്യവും ബഹുസ്വരതയും അവകാശമാണെന്ന് സ്ഥാപിച്ച കോഴിക്കോട് ജില്ലയിൽനിന്നെത്തിയ ‘ഓട്ട’ മികച്ച അഭിനയവും രംഗ ക്രമീകരണവുംകൊണ്ട് ശ്രദ്ധേയമായി.
നിവേദിെൻറ രചനക്ക് കെ.പി.എ.സി. കലേഷ് നാടകാവിഷ്കാരവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചു. ലോകായുക്ത അപ്പീൽ വഴിയാണ് സംസ്ഥാന വേദിയിൽ നാടകം അരങ്ങേറിയത്. മഹാശ്വേത ദേവിയുടെ ബായൻ മികച്ച അഭിപ്രായമാണുണ്ടാക്കിയത്. സുമേഷ് നെന്മാറയുടെ സംവിധാനത്തിൽ നാടകം വേറിട്ട അനുഭവം പകർന്നു. കേന്ദ്ര കഥാപാത്രമായ ചാന്ദിദാസായി അശ്വിനി സതീഷ് എന്ന പതിനൊന്നാം ക്ലാസുകാരി വേദിയിൽ ജീവിക്കുകയായിരുന്നു. നായകനായി രംഗത്തെത്തിയ ചേട്ടൻ ആനന്ദ് നൽകിയ പിന്തുണയും ശ്രദ്ധേയമായി. എം. മുകുന്ദെൻറ അച്ഛൻ എന്ന കഥയുടെ നാടകാവിഷ്കാരവും കാണികൾ സ്വീകരിച്ചു. വ്യത്യസ്ത മതക്കാരായ ഇംറാൻ, ശ്രീപാർവതി എന്നിവരുടെ പ്രണയം അനുവദിക്കാത്ത സാമൂഹിക സാഹചര്യം വെളിപ്പെടുത്തുന്ന ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ ‘പ്രണയം’ ആനുകാലികാവസ്ഥക്കുനേരെ പിടിച്ച കണ്ണാടിയായി. സ്കൂൾ പ്രിൻസിപ്പൽ ഗീത ജോസഫിെൻറ രചനയിലും സംവിധാനത്തിലുമാണ് നാടകം രംഗത്തെത്തിയത്.
അശ്വിൻ നടൻ; നാദിയ നടി
തൃശൂർ: ഒന്നിനൊന്നു വേറിട്ട അവതരണങ്ങൾ നിറഞ്ഞ ഹൈസ്കൂൾ വിഭാഗം നാടകം അവസാനിച്ചപ്പോൾ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിച്ചവർ മികച്ച നടനും നടിയുമായി. സന്തോഷ് ഏച്ചിക്കാനത്തിെൻറ ‘ബിരിയാണി’ ആധാരമാക്കി കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അരങ്ങിലെത്തിച്ച ‘അന്നപ്പെരുമ’യിൽ ഇതര സംസ്ഥാന തൊഴിലാളിയായ അശ്വിനാണ് മികച്ച നടൻ. ആഹാരം കിട്ടാത്ത സാഹചര്യത്തിൽനിന്നെത്തി ഭക്ഷണം കുഴിച്ചുമൂടേണ്ട ജോലി ചെയ്യേണ്ട അവസ്ഥയിലെത്തുന്ന കഥാപാത്രത്തെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാൻ അശ്വിനായി. എ ഗ്രേഡ് നേടിയ നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സ്കൂളിലെ കഞ്ഞിവെപ്പുകാരിയുടെയും മകളുടെയും കഥ പറഞ്ഞ ‘കഞ്ഞി’യിലെ പ്രകടനം തൃശൂർ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ നാദിയ കെ. അഷ്റഫിനെ മികച്ച നടിയാക്കി. വയോധികരായ മാതാപിതാക്കളെ നടതള്ളുന്നതിനെതിരെ നർമത്തിൽ പൊതിഞ്ഞ അവതരണത്തിൽ കല്യാണിയെന്ന പാചകക്കാരിയുടെ വേഷമായിരുന്നു നാദിയക്ക്. ആദ്യ ദിനം നടന്ന ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ നാദിയക്ക് മികവിെൻറ നടിപട്ടം ഇരട്ടി മധുരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.