മാഹിയിൽ ലഹരി മരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsമാഹി: മാഹിയിൽ 20.670 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ. കയ്യാലക്കണ്ടി കെ.കെ.റാഷിദ് (24), തലശ്ശേരി നെട്ടൂർ സ്വദേശി ഷീജ നിവാസിൽ ഷാൽവിൻ റോബർട്ട് (ഷാൽവിൻ - ഷാലു -25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂർ നടവയൽ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്ത് വെച്ച് മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.ശേഖറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ്.എസ്.പി ദീപിക ഐ.പി.എസിന്റെ നിർദേശാനുസരണം മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
പ്രതികളിൽ നിന്നും അറുപതിനായിരത്തിലേറെ രൂപ വിലമതിക്കുന്ന 20.670 ഗ്രാം എം.ഡി.എം.എയും യമഹ, ബജാജ് പൾസർ മോട്ടോർ സൈക്കിളുകൾ, 6620 രൂപ, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ വേയിങ്ങ് മിഷീൻ, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എ.ടി.എം കാർഡുകൾ, ഒരു പോസ്‌റ്റ് കാർഡ്, തലശ്ശേരി സഹകരണ ആശുപത്രിയുടെയും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെയും പേരിലുള്ള തിരിച്ചറിയൽ കാർഡ് എന്നിവ പിടിച്ചെടുത്തു. ഇവക്ക് രണ്ട് ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പള്ളൂർ നടവയലിൽ വെച്ച് 0.260 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായ റാഷിദിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരിയിൽ വെച്ച് ഷാൽവിനിൽ നിന്ന് 20.410 ഗ്രാം എം.ഡി. എം.എ പിടികൂടുന്നത്. സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ, പള്ളൂർ എസ്.എച്ച്.ഒ കെ.സി.അജയകുമാർ, ക്രൈം ടീം അംഗങ്ങളായ എ.എസ്.ഐ കിഷോർകുമാർ, പൊലീസുകാരായ എ.എസ്.ഐ പി.വി.പ്രസാദ്, ശ്രീജേഷ്, രാജേഷ് കുമാർ, രോഷിത്ത് പാറമ്മേൽ, ഹോം ഗാർഡ് പ്രവീൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.