ശാരീരികാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യൽ നിർത്തിവെച്ചെന്ന് ഇ.ഡി; ഇല്ലെന്ന് എം.കെ. കണ്ണൻ
text_fieldsകൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗമായ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടാം തവണ ചോദ്യം ചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് രണ്ടരയോടെ നിർത്തിയത്.
ചോദ്യം ചെയ്യാൻ കണ്ണനെ മറ്റൊരു ദിവസം വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചു. താൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന കാര്യം കണ്ണൻ ഇ.ഡിയെ അറിയിച്ചു. ഇതിനിടെ, കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് കണ്ണൻ പ്രസിഡന്റായ തൃശൂർ സഹ. ബാങ്കിൽ വൻനിക്ഷേപം ഉണ്ടെന്ന് ഇ.ഡി സ്ഥിരീകരിച്ചു. ആർ.ബി.ഐ ചട്ടം ലംഘിച്ച് ഒരു ദിവസം തന്നെ വൻതുകയുടെ ഇടപാട് നടന്നതായും കണ്ടെത്തി.
ബാങ്ക് സെക്രട്ടറി ബിനുവിനെ രണ്ട് ദിവസമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കണ്ണനെ വെള്ളിയാഴ്ച രണ്ടാംവട്ടം വിളിപ്പിച്ചത്. സതീഷ്കുമാറുമായി അടുത്ത ബന്ധമാണ് കണ്ണനുള്ളത്. ഇ.ഡിയുടെ ഇടപെടൽ സൗഹാർദപരമായിരുന്നെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കണ്ണൻ പ്രതികരിച്ചു.
വിറയലുണ്ടായെന്നത് കുടുംബാംഗങ്ങളെ ഭയപ്പെടുത്താൻ ആരോ പ്രചരിപ്പിക്കുന്നതാണ്. രാവിലെ തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷമാണ് കണ്ണന് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് തിരിച്ചത്. അദ്ദേഹത്തെ പാർട്ടി നേതാവ് എന്നനിലയിലാണ് കണ്ടതെന്ന് കണ്ണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.