കരുവന്നൂർ ബാങ്കിലും പ്രതികളുടെ വീടുകളിലും നടന്ന ഇ.ഡി റെയ്ഡ് പൂർത്തിയായി, പിടിച്ചെടുത്തത് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവ
text_fieldsതൃശൂർ: 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി അരോപണമുള്ള കരുവന്നൂർ സഹകരണ ബാങ്കിലും കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും ഇ.ഡി സംഘം നടത്തിയ മിന്നൽ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ എട്ടോടെ ഒരേസമയം എല്ലായിടത്തും തുടങ്ങിയ ഇ.ഡിയുടെ പരിശോധന 20 മണിക്കൂറിന് ശേഷം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പൂർത്തിയായത്. ഇ.ഡി കൊച്ചി യൂനിറ്റ് എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിൽ 75 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്റ് ജിൽസ്, കമീഷൻ ഏജന്റ് ബിജോയ് എന്നിവരുടെയും ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെയും വീടുകളിലായിരുന്നു പരിശോധന. ദിവാകരന്റെ വീട്ടിൽ നിന്ന് വസ്തുക്കളുടെ ആധാരവും ബാങ്കിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകൾ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ബാങ്ക് സമയത്തിനു മുമ്പ് എത്തിയതിനാൽ ഇ.ഡി സംഘം ബാങ്ക് സുരക്ഷ ജീവനക്കാരനെ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകടന്ന് പരിശോധന തുടങ്ങി. പിന്നീടെത്തിയ ജീവനക്കാരെ ഓരോരുത്തരെയായി മുകൾനിലയിലേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. അവധിയിലുണ്ടായിരുന്നവരെ ഇ.ഡിയുടെ വാഹനം അയച്ച് വിളിച്ചു വരുത്തി.
ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിച്ചതോടെയാണ് വീണ്ടും കരുവന്നൂർ കേസ് സജീവമായത്. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ ഇ.ഡി അന്വേഷണം നടത്താത്തത് വിവാദമായിരുന്നു. അടുത്ത ദിവസം ഹൈകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.