ഇ.ഡി ആവശ്യപ്പെടുന്നത് നിയമവിരുദ്ധ കാര്യങ്ങൾ -എം.കെ. കണ്ണൻ, സംസ്ഥാന ഏജൻസികൾ സഹകരിക്കുന്നില്ലെന്ന് ഇ.ഡി
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെടുന്നത് നിയമവിരുദ്ധവും ഇല്ലാത്തതുമായ കാര്യങ്ങളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ. ഇതുസംബന്ധിച്ച കത്ത് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടു. സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ പറഞ്ഞതനുസരിച്ച് മുഴുവൻ വിവരങ്ങളും നേരിട്ടെത്തിച്ചിരുന്നു. ബാങ്ക് ഇടപാട് വിവരങ്ങളും കൈമാറി. എന്നിട്ടും എം.കെ. കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി മാധ്യമങ്ങൾക്ക് നൽകിയ വിവരം.
ബാങ്കിൽനിന്ന് എന്തൊക്കെ വിവരങ്ങൾ വേണമെന്ന് ഇ.ഡി ഇതുവരെ കത്ത് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങളുടെ കത്ത് പുറത്തുവിട്ടത്.
തന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട്, ആസ്തി വിവരങ്ങളെല്ലാം രേഖാമൂലം നൽകി. വിദേശത്തുള്ള മകളുടേത് ഒഴിച്ചുള്ളതെല്ലാം നൽകി. ഇത് വേണമെങ്കിൽ ഇക്കാര്യമായിരുന്നു അറിയിക്കേണ്ടത്, അതുണ്ടായില്ല. തനിക്ക് എട്ടോ ഒമ്പതോ ബാങ്കുകളിൽ അക്കൗണ്ടുണ്ട്. നിസ്സാരമായ 100 രൂപയിൽ ചേർന്ന അക്കൗണ്ടുകളുമുണ്ട്. ഒരിക്കലും പ്രവർത്തിപ്പിക്കാത്തതിന്റെയടക്കം വിവരങ്ങൾ നൽകി. ആധാരങ്ങളുടെ പകർപ്പാണ് വീണ്ടും ചോദിച്ചിരിക്കുന്നത്. കുടുംബവിഹിതമായി പിതാവ് നൽകിയ എട്ട് സെന്റ് ഭൂമിയാണുള്ളത്. ബിനാമി വായ്പയുടെ വിവരങ്ങൾ നൽകണമെന്നതാണ് മറ്റൊരാവശ്യം. തൃശൂർ സഹകരണ ബാങ്കിൽ ബിനാമി ലോൺ ഇല്ല. ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാമെന്നല്ലാതെ എങ്ങനെയാണ് ബിനാമിയെന്ന് ബാങ്കിന് കണ്ടെത്താനാവുക. ഇവിടെ ബിനാമി വായ്പയുണ്ടെന്ന് ഇ.ഡി സമർഥിക്കുകയാണ്. വസ്തു പണയപ്പെടുത്തി ഒന്നിൽ കൂടുതൽ വായ്പയെടുത്ത വിവരങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നു. എല്ലാ രേഖകളുടെയും സൂക്ഷിപ്പുകാരൻ സെക്രട്ടറിയാണ്. സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടാൽ നൽകാമെന്നിരിക്കെ പ്രസിഡൻറിനോട് ആവശ്യപ്പെട്ടത് ആസൂത്രിതമാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ പ്രതിയായ പി. സതീഷ്കുമാറിന് തൃശൂർ സഹകരണ ബാങ്കിലും അക്കൗണ്ടുണ്ടായിരുന്നു. അതിൽ ഒന്നരക്കോടി രൂപ ഉണ്ടെന്നത് ശുദ്ധ നുണയാണ്. 3500 രൂപയാണുള്ളത്. 20 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നത് അടച്ചുതീർത്തു. ഇതിനു പുറമെ എസ്.ടി ജ്വല്ലറി ഉടമയുടെ അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. ഇതൊക്കെ സൂക്ഷിക്കുക പ്രസിഡന്റിന്റെ ചുമതലയല്ല. സഹകരണ മേഖലയെ തകർക്കാനും ഇടപാടുകാരെ ഭീതിയിലാക്കി നിക്ഷേപം പിൻവലിപ്പിക്കാനുമാണ് നീക്കമെന്നും കണ്ണൻ പറഞ്ഞു.
സംസ്ഥാന ഏജൻസികൾ സഹകരിക്കുന്നില്ലെന്ന് ഇ.ഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ സംസ്ഥാനത്തെ ഏജൻസികൾ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രതികളായ വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ ജീവനക്കാരൻ സി.കെ. ജിൽസ് എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട വാദം നടക്കുന്നതിനിടെയാണ് എറണാകുളം പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഇ.ഡി ഇക്കാര്യം ബോധിപ്പിച്ചത്. ക്രൈംബ്രാഞ്ച്, സഹകരണ വകുപ്പ് എന്നിവ അന്വേഷണവുമായി സഹകരിക്കുന്നില്ല. രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകുന്നില്ലെന്നും അന്വേഷണം വഴിതെറ്റിക്കാൻ ഈ ഏജൻസികൾ ശ്രമിക്കുന്നതായും ഇ.ഡി ആരോപിച്ചു. ഇ.ഡിയുടെ വാദം അംഗീകരിച്ച കോടതി, ഒരു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം നാലിന് മുമ്പ് തിരികെ ഹാജരാക്കാനാണ് നിർദേശം.
അതിനിടെ, പെരിങ്ങണ്ടൂർ സർവിസ് സഹകരണ ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ടിൽ 62 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ഇ.ഡിയുടെ വാദം തെറ്റാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ബാങ്കിൽ ചന്ദ്രമതിക്ക് രണ്ട് അക്കൗണ്ടുകളുണ്ടെന്നും ഇ.ഡി അവകാശപ്പെട്ട ഇടപാടുകൾ ഈ അക്കൗണ്ടുകളിലൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഇതിന് മറുപടിയായി, അരവിന്ദാക്ഷന്റെ ഭാര്യയുടെ അക്കൗണ്ടും ഇടപാടുകളും സംബന്ധിച്ച വിശദാംശങ്ങൾ പെരിങ്ങണ്ടൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ഇ-മെയിൽ മുഖേന നൽകിയിട്ടുണ്ടെന്ന് ഇ.ഡി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.