പൗരത്വ നിയമ ഭേദഗതി വിഭാഗീയ അജണ്ട; ഐക്യത്തോടെ സ്ഥാനാർഥികൾ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത് വിഭാഗീയ അജണ്ടകൾ ലക്ഷ്യമിട്ടാണെന്ന് കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമം പ്രതിഷേധാർഹമെന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഇവർ ഏകസ്വരത്തിൽ പറഞ്ഞു.
ഭിന്നിപ്പിച്ചാലേ അധികാരത്തിലെത്തൂവെന്ന് സംഘ്പരിവാർ തിരിച്ചറിയുന്നു -ഷാഫി പറമ്പിൽ
വടകര: രാജ്യത്തെ ഭിന്നിപ്പിച്ചു നിർത്തിയാൽ മാത്രമേ അധികാരത്തിൽ തിരികെയെത്താൻ കഴിയൂവെന്ന് സംഘ്പരിവാർ തിരിച്ചറിയുന്നുവെന്ന് വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കർഷകന്റെ വായ്പകൾ എഴുതിത്തള്ളിക്കൊണ്ടുള്ളതായിരുന്നില്ല, സാധാരണക്കാരന്റെ ബാധ്യതകൾ ഒഴിവാക്കുന്നതിനുള്ള സർക്കാർ സഹായം എത്തിക്കുന്നതിനു വേണ്ടിയായിരുന്നില്ല, യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റേതല്ല, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെയോ ഏതെങ്കിലും വികസന പ്രവർത്തനങ്ങളുടെയോ അല്ല, പെട്രോൾ ഡീസൽ വിലയോ പാചകവാതകത്തിന്റെ വിലയോ കുറക്കുന്നതുസംബന്ധിച്ചും ആയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഈ വിഭാഗീയ വിജ്ഞാപനത്തെ ഒരുമിച്ചുനിന്ന് എതിർക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൗരത്വത്തിന് മതം ഒരു മാനദണ്ഡമാകരുത്. അത് ഇന്ത്യയുടെ ആത്മാവിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. അത് രാജ്യത്തെ തകർക്കും -ഷാഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കണ്ടുള്ള ധ്രുവീകരണ തന്ത്രം വിലപ്പോവില്ല -എം.കെ. രാഘവൻ
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ ധ്രുവീകരണ ആയുധം മാത്രമാണെന്ന് കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതക്കും പാരമ്പര്യത്തിനും കളങ്കമാണ്. രാജ്യത്ത് ഏതാനും മാസങ്ങൾക്കകം അധികാരത്തിലെത്തുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇൻഡ്യ’ മുന്നണി ആദ്യം റദ്ദാക്കുക ഈ നിയമമായിരിക്കും. രാജ്യത്തെ ധ്രുവീകരിക്കാനും മുസ്ലിം സമുദായത്തെ മാത്രം അപരവത്കരിക്കാനും ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രീംകോടതിയിൽ നിന്നേറ്റ പ്രഹരത്തെയും വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽ പ്രതിസന്ധികളെയും ചർച്ചാമണ്ഡലങ്ങളിൽനിന്ന് എടുത്തുമാറ്റാമെന്ന കേന്ദ്ര സർക്കാർ ഉദ്ദേശ്യം വ്യാമോഹം മാത്രമാണെന്നും രാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
ബി.ജെ.പിയുടേത് തീവ്രവർഗീയ അജണ്ട; ലക്ഷ്യം തെരഞ്ഞെടുപ്പ് -എളമരം കരീം
കോഴിക്കോട്: തീവ്രവർഗീയ അജണ്ട ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനമിറക്കിയതെന്നും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും കോഴിക്കോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം പറഞ്ഞു. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനവിരുദ്ധമാണ്. പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും മതത്തിന്റെ വിഷയമായി ചുരുക്കാനാവില്ല. പത്തുവർഷത്തെ ഭരണത്തിൽ ഒരു നേട്ടവും പറയാനില്ലാത്തതുകൊണ്ടാണ് ബി.ജെ.പി തീവ്രവർഗീയതയുടെ തുറുപ്പുശീട്ടിറക്കുന്നത്. പാർലമെന്റിൽ ബില്ല് അവതരിപ്പിക്കപ്പെട്ട സന്ദർഭത്തിലെല്ലാം ഇടതുപക്ഷം ശക്തമായി എതിർത്തിട്ടുണ്ട്. രാജ്യസഭയിൽ എം.പിയെന്ന നിലയിൽ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി നിർദേശിച്ചു. വോട്ടിനിട്ടാണ് ഇത് തള്ളിയത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നിയമത്തെ എല്ലാ മതനിരപേക്ഷ വിശ്വാസികളും യോജിച്ചു ചെറുക്കണമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല -കെ.കെ. ശൈലജ
വടകര: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ മോദി സർക്കാറിനെ അനുവദിക്കില്ലെന്നും ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ അവസാന നിമിഷംവരെയും പോരാടുമെന്നും വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാഥി കെ.കെ. ശൈലജ പറഞ്ഞു. 2019ൽ പാസാക്കിയെടുത്ത സി.എ.എക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധമാണ് രാജ്യമാകെ ഉയർന്നുവന്നത്. 200ഓളം കേസുകൾ നിയമത്തിന്റെ ഭരണഘടന സാധുതയെ ചോദ്യംചെയ്ത് വിവിധ കോടതികളിലായി നിലനിൽക്കുന്നുണ്ട്. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് ഇപ്പോൾ നിയമം നടപ്പാക്കാനായി വിജ്ഞാപനം ഇറക്കിയത്. പൗരത്വത്തെ മതാധിഷ്ഠിതമായി നിർണയിക്കുന്ന നിയമം സർവവിധ മാനുഷികതയെയും നൈതികതയെയും നിഷേധിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയമാണെന്ന് തിരിച്ചറിയണമെന്നും അതിനെ പ്രതിരോധിക്കാനായി എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുപോരാടണമെന്നും ശൈലജ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.